തൃശ്ശൂർ: ഓൺലൈൻ വഴി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങുന്നവരെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഭീഷണി. വായ്പ എടുത്തയാളിന്റെ ബന്ധുക്കളും പരിചയക്കാരുമായവരെ ചേർത്ത് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇത് ചെയ്യുന്നത്. വായ്പ നൽകിയ സംഘത്തിന്റെ ആളായിരിക്കും അഡ്മിൻ. തൃശ്ശൂരിൽ ഒരു മാസത്തിനിടെ അഞ്ചുകേസുകളാണ് സൈബർ പോലീസിന് കിട്ടിയത്.കർണാടക, യു.പി., ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്റർനെറ്റിൽ നടത്തുന്ന സെർച്ചുകളിൽ നിന്നോ സാമൂഹിക മാധ്യമങ്ങളിൽ നിന്നോ ആണ് ഇത്തരം സംഘങ്ങൾക്ക് ഇ-മെയിൽ വിലാസം കിട്ടുന്നത്. എത്ര വേണമെങ്കിലും വ്യക്തിഗത വായ്പ എന്ന തരത്തിൽ മെയിൽ വരും.

എങ്ങനെയായാലും പണം കിട്ടിയാൽ മതിയെന്ന ചിന്തയുമായി നടക്കുന്നവർ വേഗം ചതിക്കുഴിയിൽ വീഴും. ഒരു ലക്ഷം മുതൽ ഒരു കോടി വരെ വായ്പ വാഗ്ദാനം ചെയ്യുന്ന മെയിലുകൾ സാധാരണമാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ കാർഡ്, പാൻകാർഡ് തുടങ്ങിയ വിവരങ്ങളാണ് ആദ്യം ശേഖരിക്കുക. പ്രോസസിങ് ഫീസ് എന്ന പേരിൽ ആദ്യം നിശ്ചിത തുക അടയ്ക്കണമെന്ന് ചില സൈറ്റുകൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഈ പണം കിട്ടിക്കഴിഞ്ഞാൽ സൈറ്റ് തന്നെ അപ്രത്യക്ഷമാവുന്നതാണ് പൊതു രീതി.

വായ്പ കൊടുക്കുന്ന സംഘങ്ങൾ ചില രേഖകൾ മെയിൽ ആയി അയച്ചു കൊടുത്ത് ഒപ്പിട്ട ശേഷം തിരിച്ചയയ്ക്കാൻ പറയുന്നുണ്ട്. ഇങ്ങനെ കൊടുക്കുന്ന വായ്പയുടെ പ്രോസസിങ് ഫീസായി ചുരുങ്ങിയത് 50,000 രൂപയെങ്കിലും ഈടാക്കുന്നുണ്ട്. മെയിലിൽ പറയുന്ന പലിശ നിരക്കായിരിക്കില്ല യഥാർത്ഥത്തിലെന്നാണ് സൈബർ പോലീസ് പറയുന്നത്. 20 ശതമാനം വരെ പലിശ നിരക്ക് ഉള്ള കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിരിച്ചടവ് മുടങ്ങുമ്പോഴാണ് തനിസ്വരൂപം പുറത്തു വരിക. മുമ്പ് കൊടുത്ത രേഖകൾ ഉപയോഗിച്ച് ആളിന്റെ ഫോണിലെ എല്ലാ കോൺടാക്ട് നമ്പറുകളും എടുത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. അതിലേക്കാണ് അജ്ഞാതൻ സന്ദേശങ്ങൾ അയയ്ക്കുക. വായ്പ തിരിച്ചടയ്ക്കാത്ത തട്ടിപ്പു കാരനാണ് ഇയാൾ എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വരിക. ഇതേ തുടർന്ന് എങ്ങനെയും പണം സംഘടിപ്പിച്ച് പണം അടയ്ക്കും. അതോടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഇല്ലാതാവുകയും ചെയ്യും. നാണക്കേട് ഓർത്ത് ഇത്തരം സംഭവങ്ങൾ പരാതിപ്പെടാൻ പോലും ആൾക്കാർ തയ്യാറാവില്ല.