ബെംഗളൂരു: ബെംഗളൂരുവിലെ യാത്രാസംവിധാനം എളുപ്പമാക്കി, പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ‘ഒല’ ആരംഭിച്ച ഓട്ടോറിക്ഷാ സർവീസിന് യാത്രക്കാർക്കിടയിൽ പ്രിയമേറുന്നു. സാധാരണ ഓട്ടോസർവീസിനെ അപേക്ഷിച്ച് ലാഭകരമാണെന്നതും യാത്രക്കാരെ ഓൺലൈൻ ഓട്ടോയിലേക്ക് ആകർഷിക്കുന്നു. സാധാരണ ഓട്ടോറിക്ഷകളിൽ ഡ്രൈവർമാർ മീറ്റർ ഇടാതെ തോന്നുംപോലെ ചാർജ് ഈടാക്കാറുള്ളതും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 

ഓൺലൈൻ ഓട്ടോയിൽ പത്തു കിലോമീറ്റർ സഞ്ചരിച്ചാൽ യാത്രക്കാരന് 107 രൂപയാണ് ചെലവാകുക. എന്നാൽ, സാധാരണ ടാക്സി ഓട്ടോയിൽ ഇത്രയും ദൂരം സഞ്ചരിച്ചാൽ 130 മുതൽ 140 വരെ തുക ചെലവാകും.

നാലുകിലോമീറ്ററിൽ താഴെയുള്ള യാത്രയ്ക്ക് ഓൺലൈൻ ഓട്ടോ വൻലാഭമാണെന്ന് യാത്രക്കാർ പറയുന്നു. സാധാരണ ഓട്ടോയിൽ ആദ്യ രണ്ടുകിലോമീറ്ററിന്‌ 25 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 13 മുതൽ 15 രൂപവരെയുമാണ് ഈടാക്കുക. 

ബെംഗളൂരുവിൽ രണ്ടുലക്ഷത്തിനടുത്ത് ഓട്ടോറിക്ഷകൾ ഉണ്ടെങ്കിലും ചെറിയൊരു ശതമാനംമാത്രമേ ‘ഒല’യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. 2014-ൽ ആണ് ‘ഒല’ ഓട്ടോ സർവീസ് തുടങ്ങിയത്. ടാക്സി കാർ രംഗത്തെപ്പോലെ ഓട്ടോറിക്ഷാ സർവീസ് മേഖലയിലും പ്രവർത്തനം വിപുലീകരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി ബെംഗളൂരുവിൽ ‘ഓട്ടോറിക്ഷാ ഡ്രൈവർ പാർട്‌നർ മേള’ നടത്തിയിരുന്നു. സ്വന്തം ഓട്ടോറിക്ഷയുള്ളവരാണ് ‘ഒല’യിൽ രജിസ്റ്റർ ചെയ്യുന്നത്. താത്പര്യമുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഓട്ടോറിക്ഷ ലഭ്യമാക്കാനുള്ള സൗകര്യവും ‘ഒല’ അധികൃതർ ചെയ്തുകൊടുക്കും. 

യാത്രക്കാർക്കെന്നതുപോലെതന്നെ ഡ്രൈവർമാർക്കും ഇതു ലാഭകരമാണ്. ഒരു ബുക്കിങ്ങിന് പത്തുരൂപ കമ്മിഷനായി പോകുമെങ്കിലും സാധാരണ ഓട്ടോ സർവീസിനേക്കാൾ ലാഭമാണെന്ന് ബെംഗളൂരുവിലെ ‘ഒല’ ഓട്ടോഡ്രൈവറായ യൂസഫ് ഖാൻ പറഞ്ഞു. ഇന്ധനച്ചെലവ്‌ സ്വയം വഹിക്കണം.

ഒരുദിവസം സർവീസ് നടത്തിയാൽ 800 രൂപവരെ ലഭിക്കും. കൂടാതെ, മിക്കദിവസങ്ങളിലും ബുക്കിങ്ങിന്റെ എണ്ണമനുസരിച്ച് ‘ഇൻസെന്റീവ്’ ലഭിക്കും. ഏഴ്‌ ബുക്കിങ് വന്നാൽ 575 രൂപ, പത്ത്‌ ബുക്കിങ്ങിന് 750 രൂപ, 13 ബുക്കിങ്ങിന് 1000 രൂപ, 15 ബുക്കിങ്ങിന് 1200 രൂപ എന്നിങ്ങനെ ‘ഒല’ ഡ്രൈവർക്ക് അധികമായി ലഭിക്കും.