കൊച്ചി: പിടികൊടുക്കാതെ ഉള്ളിവില ഉയരങ്ങളിലേക്ക്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 130 രൂപയായിരുന്ന ഉള്ളിക്ക് ബുധനാഴ്ച കൊച്ചിയിൽ 160 രൂപ വരെയെത്തി. വിലയിൽ  ഒാരോ ഇടങ്ങളിലും ഏറ്റക്കുറച്ചിലുണ്ടെങ്കിലും ഉള്ളിവില നാൾക്കുനാൾ ഉയരുമ്പോൾ പകരക്കാരനായെത്തിയ ഉൾട്ടി കളം പിടിച്ചിരിക്കുകയാണ്. 

കാഴ്ചയിൽ ചെറിയുള്ളിക്ക് സമാനമെങ്കിലും സവാള ഇനത്തിൽ പെട്ടതാണ് ഉൾട്ടി. ഒറ്റ നോട്ടത്തിൽ ഉള്ളിയെന്നേ പറയൂ. കിലോയ്ക്ക് 50 രൂപ വരെയാണ് വില. ഗുണത്തിലും രുചിയിലും സവാളയോടാണ് സാമ്യം.

ചിറ്റുള്ളി, മൈസൂർ ഉള്ളി, സാമ്പാർ ഉള്ളി, ചിറ്റ് ബെല്ലാരി എന്നിങ്ങനെ വിവിധ പേരുകളിലാണ്  അറിയപ്പെടുന്നത്. ആന്ധ്ര, മൈസൂരു എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായി കൊണ്ടുവരുന്നത്.

സവാളയ്ക്ക് നിലവിൽ 50 രൂപയാണ് വില. മഴ കാരണം കുറച്ചു മാസങ്ങളായി ഉള്ളിക്കൃഷിയിൽ വൻ ഇടിവുണ്ടായതാണ് വില കുതിച്ചുയരാൻ കാരണം. ഈ അവസരത്തിലാണ് ഉൾട്ടി വിപണി കീഴടക്കിയത്.

ആവശ്യക്കാർ ഏറിയതിനാൽ കിലോയ്ക്ക് 20 രൂപ ഉണ്ടായിരുന്നിടത്തു നിന്ന്‌ ഉൾട്ടിയുടെ വില 50 രൂപയിലേക്ക് ഉയർന്നു. സാധാരണഗതിയിൽ ഉൾട്ടിക്ക് അധികം ആവശ്യക്കാരുണ്ടാകാറില്ലെന്നും ഇപ്പോൾ ചെറിയുള്ളിക്ക് വില കൂടിയപ്പോഴാണ് ആളുകൾ കൂടിയതെന്നും കച്ചവടക്കാർ പറഞ്ഞു.