Onionമൂവാറ്റുപുഴ: വരുന്നു ഈജിപ്ഷ്യനു പിന്നാലെ ഇറാന്‍ സവാളയും. മൂവാറ്റുപുഴയിലെ എം.എ.ബി. മൊത്ത വ്യാപാര ശാലയിലാണ് ഇപ്പോള്‍ വലിപ്പത്തിലും രുചിയിലും വമ്പനായ ഈജിപ്ഷ്യന്‍ സവാള എത്തിയിരിക്കുന്നത്. ഈ മാസംതന്നെ നല്ല സുന്ദരന്‍ ഇനമായ ഇറാന്‍ സവാളയും മാര്‍ക്കറ്റിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് എം.എ.ബി. സഹോദരങ്ങളായ എം.ബി. നിഷാദും അനസും.

പരീക്ഷണാടിസ്ഥാനത്തിലാണ് ഈജിപ്ഷ്യന്‍ സവാള കൊണ്ടുവന്നത്. എത്തിച്ച 10 ടണ്ണില്‍ 8 ടണ്ണും മൂന്നു ദിവസം കൊണ്ട് വിറ്റു. ഇന്ത്യന്‍ സവാളയെക്കാള്‍ വലിപ്പം മാത്രമല്ല നിറവും ജലാംശവും കൂടുതലാണ് ഈജിപ്ഷ്യന്. മഹാരാഷ്ട്രയിലെ വ്യാപാരി വഴിയാണ് കേരള മാര്‍ക്കറ്റിലേക്കുള്ള വരവ്. 30 കിലോ പാക്കറ്റായാണ് ഈജിപ്ഷ്യന്‍ സവാള എത്തുന്നത്.

ഈജിപ്ഷ്യന്‍ സവാള വന്നതിനാലാണ് പൊതു വിപണിയില്‍ സവാള വില 70 - 75 ല്‍ പിടിച്ചു നിര്‍ത്താനാവുന്നത്. അല്ലെങ്കില്‍ വില 100 - 125 ആകുമായിരുന്നു. വ്യാപാരികളെ സംബന്ധിച്ചിടത്തോളം സവാള, ഉള്ളി, കിഴങ്ങ്, വെളുത്തുള്ളി എന്നിവയുടെ വില ഒരു കടയില്‍ കൂടുതലാണെങ്കില്‍ മറ്റിനങ്ങളുടെ വില്പനയെ പ്രതികൂലമായി ബാധിക്കും. ഇറക്കുമതി ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നുണ്ട്.

ഈജിപ്ഷ്യന്‍

  • വിലയില്‍ 10 രൂപ വരെ കുറവ്
  • 600 ഗ്രാം വരെ തൂക്കം
  • നിലത്ത് നിരത്തിയിട്ട് സൂക്ഷിക്കാം. പ്ലാസ്റ്റിക്കില്‍ കെട്ടിവെക്കരുത്

ഇറാന്‍

  • 900 ഗ്രാം വരെ തൂക്കം ഉണ്ടാകും ഒരുള്ളിക്ക്
  • വില ഇന്ത്യന്‍ സവാളയെക്കാള്‍ കുറവായിരിക്കും
  • 10 ടണ്‍ ആദ്യ ഘട്ടത്തില്‍ എത്തിക്കാനാണ് എം.എ.ബി. സഹോദരങ്ങളുടെ നീക്കം