അഹമ്മദാബാദ്: ജനങ്ങൾക്ക് കൈവശം കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാൻ കേന്ദ്രത്തിനു മുന്നിൽ ശുപാർശ.

കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിധി ഉയർത്താൻ ശുപാർശ ചെയ്തത്. നേരത്തെ 20 ലക്ഷം രൂപ എന്ന ശുപാർശയായിരുന്നു സംഘം മുന്നോട്ടുവച്ചിരുന്നത്.

പരിധിക്കു മുകളിൽ പണം കണ്ടെത്തിയാൽ ആ തുക പൂർണമായി സർക്കാരിന്റെ ഖജനാവിലേക്ക് പിടിച്ചെടുക്കാനും ശുപാർശ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തലവൻ ജസ്റ്റിസ് (റിട്ട.) എം.ബി. ഷാ പറഞ്ഞു. 15-20 ലക്ഷം രൂപ എന്ന ആദ്യ നിർദേശം തീരെ കുറവായതിനാലാണ് ഇത് ഒരു കോടിയാക്കി ഉയർത്തിക്കൊണ്ട് ശുപാർശ ചെയ്തത്.

നിലവിലുള്ള നിയമം അനുസരിച്ച് ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പണത്തിന്റെ 40 ശതമാനം ആദായ നികുതിയും പിഴയും ഒടുക്കിയാൽ മതി.