തൃശ്ശൂർ: എണ്ണയില്ലാതെ ചിപ്‌സ്‌ വറുക്കുന്ന സംരംഭം ചെലവ്‌ കുറച്ച് നിർമിച്ച യുവ എൻജിനീയർമാർക്ക് കേരള കാർഷിക സർവകലാശാലയുടെ അഗ്രി ഇൻകുബേറ്റർ വഴി 20 ലക്ഷത്തിന്റെ സമ്മാനം. എൻജിനീയർമാരായ ജിതിൻകാന്തും കെ.കെ. അഭിലാഷും ജോലി ഉപേക്ഷിച്ചാണ് ഇതു തുടങ്ങിയത്. പുനരുപയോഗിച്ച എണ്ണയിലൂടെ പിടിപെടുന്ന അർബുദത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗംകൂടിയാണിതെന്ന് അവർ പറയുന്നു. കുടുംബശ്രീയിലെ 150 പേർക്ക് സ്ഥിരം തൊഴിലവസരത്തിനും ഇത് കാരണമായി.

ജിതിൻകാന്ത് കോഴിക്കോട്‌ സോഫ്‌റ്റ്‌വേർ എൻജിനീയറും അഭിലാഷ് വിദേശത്ത് ഇലക്‌ട്രിക്കൽ എൻജിനീയറുമായിരുന്നു. ഇരുവരും, കൂട്ടുകാരന്റെ ബന്ധുക്കളെ കാണാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയതാണ് വഴിത്തിരിവായത്. ചിപ്‌സും മറ്റു വറവിനങ്ങളും ജീവിതത്തിന്റെ ഭാഗമാക്കിയ മലയാളികളുടെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ‍ ബാധിക്കുന്നത് പുനരുപയോഗിച്ച എണ്ണയുടെ ഉപയോഗമാണെന്ന് ഡോക്ടർ പറഞ്ഞു.

എണ്ണ തിളപ്പിക്കാതെതന്നെ പഴം-പച്ചക്കായ ചിപ്‌സുണ്ടാക്കുന്ന ഇവരുടെ സംരംഭം തിളങ്ങിയത് തൃശ്ശൂരിൽ നടന്ന വൈഗ കാർഷികമേളയിൽ. പുതിയ സംരംഭം കേരള കാർഷിക സർവകലാശാലയുടെ അഗ്രി ഇൻകുബേറ്ററിന്റെ പരിഗണനയിലെത്തിയതാണ് രണ്ടാം വഴിത്തിരിവ്. ഏറ്റവുംനല്ല 20 സംരംഭങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട് 20 ലക്ഷം കിട്ടി. അതോടെ ചിപ്‌സിനാവശ്യമായ വെണ്ടയ്ക്ക നാട്ടിൽത്തന്നെ ഉത്‌പാദിപ്പിക്കാൻ തീരുമാനിച്ചു. 20 ഏക്കറിൽ ഇവർക്കായി 150-ഒാളം കുടുംബശ്രീ അംഗങ്ങൾ വെണ്ടയ്ക്ക കൃഷിചെയ്യുന്നുണ്ട്.

വിത്തുകൾ ഇവർ കുടുംബശ്രീ അംഗങ്ങൾക്ക് നൽകും. ഉത്‌പന്നം എടുക്കും. ക്രിംസ് വാക്വം ഫ്രൈ‍ഡ് ചിപ്‌സ്‌ എന്ന ബ്രാൻഡിലാണ് ഉത്‌പന്നങ്ങൾ ഇന്ത്യയിലും വിദേശത്തുെമത്തുന്നത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ് മുപ്പത്തിരണ്ടുകാരനായ ജിതിൻകാന്ത്. വടകരക്കാരനാണ് മുപ്പത്താറുകാരനായ അഭിലാഷ്.