മുംബൈ: വിപണിയിലേക്കുള്ള ചുവടുവെപ്പ് വിജയമായതോടെ ബ്യൂട്ടി സ്റ്റാർട്ടപ്പായ നൈകയുടെ സ്ഥാപക ഫാൽഗുനി നായരും ശതകോടീശ്വരിയായി. 

ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 89ശതമാനം കുതിച്ചതോടെ കമ്പനിയിൽ പകുതിയോളം ഓഹരികളുടെ ഉടമയായ ഫാൽഗുനിയുടെ ആസ്തിയും കോടികളുടെ മൂല്യമുള്ളതായി. ബ്ലൂംബർഗ് ശതകോടീശ്വര സൂചിക പ്രകാരം സ്വന്തം പ്രയത്‌നത്താൽ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരിയായി ഫാൽഗുനി.

2,248 രൂപ നിലവാരത്തിലാണ് ഉച്ചയോടെ നൈകയുടെ പാരന്റ് കമ്പനിയായ എഫ്എസ്എൻ ഇ-കൊമേഴ്‌സിന്റെ വ്യാപാരം നടന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ വനിതാ യുണീകോൺ ആണ് എഫ്എസ്എൻ. 53.5 ബില്യൺ ഡോളറാണ് ഐപിഒവഴി വിപണിയിൽനിന്ന് സമാഹരിച്ചത്. 

രാജ്യത്തെ ഒരു നിക്ഷേപ ബാങ്കിന്റെ ചുമതലക്കാരിയായിരുന്ന ഫാൽഗുനി, 2012-ലാണ് നൈകക്ക് തുടക്കമിട്ടത്. സ്റ്റാർട്ടപ്പ് പിന്നീട് രാജ്യത്തെതന്നെ പ്രമുഖ ബ്യൂട്ടി റീട്ടെയിലറായി വളർന്നു. 48,350 കോടി രൂപ (650 കോടി ഡോളർ)യാണ് നിലവിലെ അവരുടെ ആസ്തി. 

Falguni Nayar