മുംബൈ: ഹോങ്കോങ്ങിൽനിന്ന് ചൈനയുമായി ബന്ധമില്ലാത്ത നിക്ഷേപങ്ങൾക്ക് ഇന്ത്യ ഇളവുകൾ അനുവദിച്ചേക്കുമെന്ന് സൂചന. ചൈനീസ് സംരംഭങ്ങളുടെ സാന്നിധ്യമില്ലാത്ത നിക്ഷേപങ്ങൾക്ക് വേഗത്തിൽ അനുമതി നൽകാനാണ് നീക്കം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയൽ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു. ഓഹരിവില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിലെ ബാങ്കുകളിലടക്കം ചൈനീസ് കമ്പനികൾ ഓഹരികൾ വാങ്ങിക്കൂട്ടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയന്ത്രണംകൊണ്ടുവന്നത്.

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിത്തർക്കം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ ഇന്ത്യ കടുപ്പിച്ചു. ഏകദേശം 175 കോടി ഡോളറിലധികം (13,000 കോടി രൂപ) വരുന്ന 140 -ഓളം നിക്ഷേപ പദ്ധതികൾ അനിശ്ചിതത്വത്തിലായി കിടക്കുന്നുണ്ട്.