കൊച്ചി: കോവിഡ്-19 ലോക്‌ഡൗണിൽനിന്ന് ഇളവുകൾ വന്നിട്ടും പ്രതിസന്ധിയിൽനിന്ന്‌ കരകയറാനാകാത്ത അവസ്ഥയിലാണ് ഇപ്പോഴും സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് രംഗം. തൊഴിലാളി ക്ഷാമവും സിമന്റ്, കമ്പി, മെറ്റൽ, ടൈൽസ് തുടങ്ങിയ നിർമാണ വസ്തുക്കൾ കിട്ടാനില്ലാത്തതുമാണ് മേഖലയിലെ പ്രതിസന്ധിക്ക് കാരണം.

ഈ മേഖലയിൽ തൊഴിലെടുക്കുന്നവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്. 90 ശതമാനത്തിലധികം അതിഥിത്തൊഴിലാളികൾ ഇതിനോടകം സംസ്ഥാനം വിട്ടു പോയിട്ടുണ്ട്. ഇവരിനി എന്നു തിരിച്ചെത്തുമെന്നും പറയാനാകില്ല. ഈ സാഹചര്യത്തിൽ ഏറ്റെടുത്ത പദ്ധതികൾ സമയത്തിന് പൂർത്തിയാക്കി നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിലെ ബിൽഡർമാർ. പറഞ്ഞ തീയതിക്ക്‌ പ്രോപ്പർട്ടി കൈമാറാൻ സാധിക്കാത്തതിനാൽ ഉപഭോക്താക്കളിൽനിന്ന് പഴി കേൾക്കേണ്ട സാഹചര്യവുമുണ്ട്. മാത്രമല്ല, ഫ്ളാറ്റുകൾ ബുക്ക് ചെയ്തിട്ടുള്ള എൻ.ആർ.ഐ.കൾ അടക്കമുള്ളവരിൽനിന്ന് പേമെന്റ് കിട്ടാത്തതും വെല്ലുവിളിയാകുന്നുണ്ട്.

കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ 30 പദ്ധതികളാണ് നിർമാണം പൂർത്തിയാക്കാനാകാതെ അനിശ്ചിതത്വം നേരിടുന്നതെന്ന് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. ഓരോ ദിവസവും ആയിരത്തോളം അതിഥിത്തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. ഓരോ സൈറ്റിലും രണ്ടോ മൂന്നോ പേരെ മാത്രം െവച്ചാണ് നിർമാണം നടക്കുന്നത്. ഈ രീതിയിൽ അധികനാൾ മുന്നോട്ടു പോകാനാകില്ലെന്നും നിർമാണം പൂർണമായി സ്തംഭിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികൾക്കു പകരം വിന്യസിക്കാൻ മലയാളി തൊഴിലാളികൾ ഇല്ലാത്തതും പ്രധാന പ്രശ്നമാണ്. നിർമാണത്തിനാവശ്യമായ മിക്ക സാമഗ്രികളും എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവിടങ്ങളിൽ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനാൽ ഫാക്ടറികളെല്ലാം അടഞ്ഞുകിടക്കുകയാണ്. സാധനങ്ങളുടെ ലഭ്യതക്കുറവിനൊപ്പം വിലക്കയറ്റവും ബിൽഡേഴ്‌സിനെ വലയ്ക്കുന്നുണ്ട്. സിമന്റിനാണെങ്കിൽ ബാഗിന് 70 രൂപയാണ് കൂടിയിരിക്കുന്നത്. ക്വാറി മെറ്റീരിയലുകൾക്കും വില കൂടി.

പരിഹാരങ്ങൾ തേടി ക്രെഡായ്
തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനുള്ള പുതുവഴികൾ തേടുന്നതായി ബിൽഡർമാരുടെ കൂട്ടായ്മയായ ക്രെഡായ്. സംസ്ഥാനത്തുള്ള മലയാളികൾക്കും ഇതര സംസ്ഥാനത്തുനിന്നുള്ള തൊഴിലാളികൾക്കും ക്രെഡായ് ‘കുശാൽ’ സ്കീമിനു കീഴിൽ തൊഴിൽ പരിശീലനം നൽകി സൈറ്റുകളിലേക്കയയ്ക്കും. കേരളത്തിലേക്ക് തിരിച്ചെത്തുന്ന, നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവരെ കണ്ടെത്തുന്നതിന് ‘നോർക്ക’യുമായി സഹകരിക്കാനുള്ള നിർദേശവും തങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ടെന്ന് ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ അറിയിച്ചു.

ക്രെഡായ് പോർട്ടലിൽക്കൂടി ഇവർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഇക്കാര്യങ്ങൾ ശരിയായി നടപ്പാക്കുന്നതിന് സമയമെടുക്കും. പദ്ധതികളിൽ കാലതാമസം നേരിടുന്നതിനും കാരണമാകും. റെറയ്ക്കും സർക്കാരിനും ഇതു സംബന്ധിച്ച് പരാതികൾ നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. റെറ രജിസ്‌ട്രേഷൻ നീട്ടുകയോ മൊറട്ടോറിയം പ്രഖ്യാപിക്കുകയോ വേണം. നിലവിൽ റെറ ചട്ടങ്ങൾ പാലിക്കുക ശ്രമകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.