ന്യൂഡല്‍ഹി: ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന 'ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി' യുമായി മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

ഇതുസംബന്ധിച്ചുവന്ന വാര്‍ത്തകള്‍ക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍  ഇക്കാര്യം അറിയിച്ചത്. 

ആദായ നികുതി വകുപ്പ് ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കിയേക്കുമെന്നാണ് വാര്‍ത്ത പ്രചരിച്ചത്. പദ്ധതിയനുസരിച്ച് കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് നികുതി വകുപ്പിനുമുന്നില്‍ വെളിപ്പെടുത്തേണ്ടിവരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞവര്‍ഷവും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

2015ലാണ് മോദി സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചത്. എന്നാല്‍ വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശനമുയര്‍ന്നതോടെ ഇത്തരത്തില്‍ നീക്കമില്ലെന്ന് സര്‍ക്കാര്‍ അന്നും അറിയിക്കുകയായിരുന്നു.