ലണ്ടന്‍: സാമ്പത്തിക തട്ടിപ്പുകേസില്‍ പിടിയിലായ നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത് ദക്ഷിണ-പടിഞ്ഞാറന്‍ ലണ്ടനിലെ ക്രിമിനലുകള്‍ നിറഞ്ഞുകവിഞ്ഞ ജയിലില്‍. 

ഇംഗ്ലണ്ടിലെതന്നെ ഏറ്റവും തിരക്കേറിയ ജയിലുകളിലൊന്നാണ് മോദിയെ പാര്‍പ്പിച്ചിട്ടുള്ള ഹെര്‍ മെജസ്റ്റീസ് ജയില്‍. 

48കാരനായ നീരവ് മോദിയെ ഹോളിയുടെ തലെരാത്രിയാണ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. മാര്‍ച്ച് 29വരെ ജില്ലാ ജഡ്ജ് മേരി മലോണ്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കുമ്പോള്‍ വെള്ള ഷെര്‍ട്ടും ട്രൗസറുമാണ് മോദി ധരിച്ചിരുന്നത്. 

nirav modiഅടുത്തയാഴ്ച ആദ്യത്തെ വാദംകേള്‍ക്കുന്നതുവരെ പ്രത്യേക സെല്ലിലാകും പാര്‍പ്പിക്കുക. തിരക്കുള്ള ജയിലായതിനാല്‍ മറ്റുകുറ്റവാളികളും സെല്ലിലുണ്ടാകും. 

കൈമാറ്റം പ്രതീക്ഷിച്ചുകഴിയുന്ന പാക് കുറ്റവാളി ജാബിര്‍ മോട്ടി ഉള്‍പ്പടെയുള്ളവരാണ് നീരവിന്റെ സഹതടവുകാര്‍. അതീവ സുരക്ഷാ പ്രശ്‌നങ്ങളുള്ള ബി കാറ്റഗറി ജയിലാണിത്. 

യുകെയിലെ ചീഫ് പ്രിസണ്‍ ഇന്‍സ്‌പെക്ടര്‍ 2018 മാര്‍ച്ചില്‍ നടത്തിയ പരിശോധന പ്രകാരം 1428 പുരുഷന്മാരാണ് ജയിലില്‍ തടവുകാരായുള്ളത്. 

ഫോബ്‌സിന്റെ പട്ടികപ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ പ്രമുഖനാണ് നീരവ് മോദി. 175 കോടി ഡോളറാണ് ഫോബ്‌സ് കണക്കാക്കിയിരിക്കുന്ന ആസ്തി. 

അറസ്റ്റിലാകുമ്പോള്‍ വെസ്റ്റ്എന്‍ഡിലെ സെന്റര്‍ പോയന്റിലുള്ള ആഡംബര പാര്‍പ്പിട സമുച്ചയത്തിലാണ് നീരവ് താമസിച്ചിരുന്നത്. 

മദ്യവ്യവസായി വിജയ്മല്യയുടെ കേസിന് സമാനമായിട്ടായിരിക്കും ബ്രിട്ടീഷ് കോടതി നീരവ് കേസും കൈകാര്യം ചെയ്യുക. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയില്‍ 2018 ജൂണില്‍ നീരവിനും മറ്റുരണ്ടുപേര്‍ക്കുമെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

13,500 കോടി രൂപയുടെ പിഎന്‍ബി തട്ടിപ്പുകേസില്‍ നീരവും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമാണ് മുഖ്യപ്രതികള്‍. തട്ടിപ്പുവിവരം പുറത്തറിയുന്നതിനുമുമ്പെ ഇരുവരും രാജ്യം വിട്ടു.