കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തുറ്റ്  മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് 18 ശതമാനം വളർച്ച രേഖപ്പെടുത്തി. നികുതിക്കു മുമ്പുള്ള ലാഭത്തിൽ 65 ശതമാനവും പലിശ വരുമാനത്തിൽ 17.50 ശതമാനവും വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

നവീകരണം കൊണ്ടുവരാനായതിനാലാണ് കോവിഡ് മഹാമാരിയെയും അതിജീവിച്ച് ലാഭം നേടാൻ മുത്തൂറ്റ് മിനിക്കായത്. 2020-21 സാമ്പത്തിക വർഷത്തിൽ  അസറ്റ് അണ്ടർ മാനേജ്മെന്റ് (എയുഎം) 18 ശതമാനം നിരക്കിൽ വളർച്ച കൈവരിക്കാനായി. 

ഉപഭോക്താക്കളുമായി നല്ലബന്ധം സ്ഥാപിച്ച് നൂതന പദ്ധതികൾ അവിഷ്‌കരിച്ച് നടപ്പാക്കിയതും, മൊറട്ടോറിയം ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ സ്വീകരിച്ചതും കോവിഡ് കാലത്ത് ഉപഭോക്താക്കളെ പിടിച്ചുനിറുത്താൻ സഹായിച്ചതായി മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

നോൺകൺവേർട്ടിബിൾ ഡിബഞ്ചറിലൂടെ (എൻസിഡി) 700 കോടി രൂപ സമാഹരിക്കാനായി. ഈ കാലയളവിൽ നാല്  പൊതുമേഖല ബാങ്കുകളുമായി ബിസിനസ്സ് ബന്ധം സ്ഥാപിക്കുകയും 23 ശാഖകളും 5 സോണൽ ഓഫീസുകളും ആരംഭിക്കുകയും ചെയ്തു.

ഡിജിറ്റൽ നവീകരണം പൂർത്തിയാക്കി 75 ശതമാനത്തിന്റെ അധിക വളർച്ച കൈവരിക്കുകയാണ് അടുത്ത സാമ്പത്തിക വർഷത്തെ ലക്ഷ്യം. 100 പുതിയ ശാഖകളും ആരംഭിക്കും. ഓരോ ശാഖയുടെയും ശരാശരി ബിസിനസ്സ് രണ്ടരകോടിയെന്നത് 4 കോടിയായി ഉയർത്താനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.