ഡാറ്റയും കോളുകളും സൗജന്യമായി നല്‍കി രാജ്യത്തെ ടെലികോം മേഖല പിടിച്ചെടുത്തതിനു പിന്നാലെ നാലു വര്‍ഷത്തിനു ശേഷം സമാനമായ തന്ത്രവുമായി മുകേഷ് അംബാനി ഇ-കൊമേഴ്‌സ് മേഖലയില്‍ കണ്ണുവെയ്ക്കുന്നു.
ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് സീസണില്‍ വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ടിനോടും ആമസോണിനോടും ഏറ്റുമുട്ടാനൊരുങ്ങുകയാണ് റിലയന്‍സിന്റെ റീട്ടെയില്‍ വെബ്‌സൈറ്റുകള്‍. ജിയോ മാര്‍ട്ടും റിലയന്‍സ് ഡിജിറ്റലും അതിനായി കച്ച കെട്ടി ഇറങ്ങിക്കഴിഞ്ഞു.
മത്സരത്തിന്റെ ഭാഗമായി മധുരപലഹാരങ്ങള്‍ക്കും ബിരിയാണി പോലുള്ള വിഭവങ്ങള്‍ക്കുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും 50 ശതമാനംവരെ കിഴിവാണ് ജിയോ മാര്‍ട്ടില്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റിലാകട്ടെ, സാംസങിന്റെ മുന്തിയ ഇനം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനത്തിലേറെയാണ് വിലക്കിഴിവ്. എതിരാളികളായ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ ഇക്കാര്യത്തില്‍ ഇതിനകം കടത്തിവെട്ടിക്കഴിഞ്ഞു റിലയന്‍സ് ഡിജിറ്റല്‍.
2026-ഓടെ ഇന്ത്യയില്‍ 200 ബില്യണ്‍ ഡോളറിന്റെ ഇ-കൊമേഴ്‌സ് വ്യാപാരമുണ്ടാകുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍. ഇതു മുന്‍നിര്‍ത്തിയുള്ള വ്യാപാര തന്ത്രവുമായാണ് റിലയന്‍സ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തം.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നില്‍ നിര്‍ത്തി ടെക് നോളജി കമ്പനികള്‍ക്കായി 20 ബില്യണ്‍ ഡോളര്‍ സമാഹരിച്ചശേഷം റീട്ടെയില്‍ ബിസിനസിലേയ്ക്ക് വന്‍തുക വാരിക്കൂട്ടുന്നതിനാണ് ഇപ്പോള്‍ അംബാനിയുടെ ശ്രമം. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.
കെകെആര്‍, സില്‍വര്‍ലേയ്ക്ക് എന്നീ വന്‍കിട വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍നിന്ന് അടുത്തയിടെ 600 കോടി രൂപയുടെ നിക്ഷേപമാണ് സമാഹരിച്ചത്. ഇനിയും നിക്ഷേപം സമാഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ത്യയില്‍ വന്‍നിക്ഷേപം നടത്തിയ രണ്ട് യു.എസ്. കമ്പനികള്‍ക്കാണ് അംബാനിയുടെ ഭീഷണി. ടെലികോം മേഖലയില്‍ കടന്നുകയറി നിലവിലുണ്ടായിരുന്ന വന്‍കിട എതിരാളികളെ അപ്രതീക്ഷിത നീക്കത്തിലൂടെ തറ പറ്റിച്ച അതേ തന്ത്രം തന്നെയായിരിക്കും അംബാനി ഇവിടെയും പരീക്ഷിക്കുക.
ചില്ലറ വില്പന മേഖലയില്‍ അംബാനിക്ക് ഏറെക്കാലത്തെ പരിചയസമ്പത്തുണ്ട്. ആഭ്യന്തര വ്യാപാരികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തിയും മറ്റുമുള്ള മുന്നേറ്റത്തിന്റെ പാതയിലാണ് റിലയന്‍ റീട്ടെയില്‍.
എക്‌സ്‌ക്ലൂസീവ് ഉത്പന്നങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ അന്തര്‍ദ്ദേശീയ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഉത്പന്നവിലകളെ സ്വാധീനിക്കാനും കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതിനും പരിമിതിയുമുണ്ട്. പ്രാദേശിക സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളില്‍ 51 ശതമാനത്തിലധകം ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ വിദേശ കമ്പനികള്‍ക്ക് കഴിയുകയുമില്ല.
പ്രാദേശിക സ്വാധീനതന്ത്രം, കുറഞ്ഞ ചെലവില്‍ സംഭരണം, സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ശൃംഖല എന്നിവ പ്രയോജനപ്പെടുത്തി റീട്ടെയില്‍ മേഖല പിടിച്ചെടുക്കാനുള്ള നീക്കമാണ് അംബാനി നടത്തുന്നത്. ബിഗ് ബാസ്‌കറ്റ്, ഗ്രോഫേഴ്‌സ് പോലുള്ള പലചരക്ക് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെയും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വന്‍കിടക്കാരെയും തറപറ്റിക്കാന്‍ ഈ തന്ത്രങ്ങള്‍ അദ്ദേഹം പുറത്തെടുത്തേക്കും.
Content Highlights: Mukesh Ambani declares war on e-commerce after telecom