കൊച്ചി: സോഷ്യൽ മീഡിയയിൽ വിദേശികളായ ചാരിറ്റി പ്രവർത്തകർ ചമഞ്ഞ് പണം തട്ടൽ വ്യാപകം. എറണാകുളം റൂറൽ പോലീസ് ജില്ലയിൽ മാത്രം ഒരു വർഷത്തിനിടെ ഇത്തരത്തിൽ തട്ടിയെടുത്തത് രണ്ടരക്കോടി രൂപയാണ്. കോടീശ്വരനാണെന്ന് വിശ്വസിപ്പിക്കുന്ന ഇവർ ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനം നടത്താൻ താത്‌പര്യമുണ്ടെന്ന് അറിയിക്കും. ഇതുപ്രകാരം പണം അയച്ചുനൽകാമെന്ന്‌ അറിയിക്കും.

അക്കൗണ്ട് മുഖേന പണം അയച്ചുനൽകാമെന്നറിയിച്ച് വിവരങ്ങൾ വാങ്ങിയെടുക്കും. ഇതിനുശേഷം വിദേശ രാജ്യത്തെ നമ്പറിൽനിന്ന് ഫോൺവിളിയും എത്തും. ഇതോടെ വിശ്വാസം ആർജിച്ചെടുക്കാൻ ഇവർക്കാകും. വിശ്വാസം നേടിയെടുക്കുന്നതിനായി പണം അയച്ചുവെന്നും മറ്റും തെളിയിക്കുന്ന ഫോട്ടോകളും രേഖകളും അയച്ചുനൽകും.

ഇതിൽ വീണാൽ പിന്നീട് തട്ടിപ്പുകാർ വിളിക്കുക ആർ.ബി.ഐ., ആദായ നികുതി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണെന്ന് പറഞ്ഞാകും. ട്രൂ കോളറിൽ അടക്കം പേര് തെളിഞ്ഞുവരിക ഇത്തരത്തിലാകും.

ഇന്ത്യയിൽ പണം എത്തിയിട്ടുണ്ടെന്നും വിദേശ രൂപ ഇന്ത്യൻ രൂപയിലേക്ക് മാറ്റുന്നതിനായി പണം നൽകണമെന്നും അറിയിക്കും. ഇതുപ്രകാരം ലക്ഷത്തിൽ താഴെ രൂപയാണ് പൊതുവേ വാങ്ങുന്നത്.

ഇതു കഴിഞ്ഞാൽ രണ്ടാം ഘട്ടം, ആദായ നികുതി നിയമപ്രകാരം പണം അടയ്ക്കണമെന്നും ആവശ്യപ്പെടും. ഇതെല്ലാം പൂർത്തിയായാൽ പണം ഡെലിവറി ചെയ്യുന്നതിന്റെ ഭാഗമായി ചാർജ് നൽകണമെന്നും പറയും. ഈ തുകയെല്ലാം ഓൺലൈനിൽ വാങ്ങിക്കഴിയുന്നതോടെ ഈ ഫോൺ നമ്പറുകൾ സ്വിച്ച് ഓഫാകുകയും ചെയ്യും.

എറണാകുളം സ്വദേശിയുടെ കൈയിൽനിന്ന് ഇത്തരത്തിൽ ഒടുവിൽ തട്ടിയെടുത്തത് 20 ലക്ഷം രൂപയാണ്. ഈ കേസിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ജാംധാര കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇൗ തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. പോലീസിൽ പരാതി വന്ന കേസുകളിൽ മാത്രം കോടികൾ നഷ്ടമായിട്ടുണ്ട്. പണം നഷ്ടമായാൽ നാണക്കേട് ഓർത്ത്‌ പലരും പുറത്തുപറയാറില്ലെന്നാണ് പോലീസ് പറയുന്നത്. അതിനാൽ, പതിന്മടങ്ങ് തുക നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.

ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് ഇത്രയേറെ പരാതികൾ വന്നതിനാൽത്തന്നെ, ഈ തട്ടിപ്പിൽ പ്രത്യേകമായി അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക് പറഞ്ഞു. പുതുതായി ആരംഭിച്ച സൈബർ ക്രൈം പോലീസ് സ്റ്റേഷനെ ഇതിനായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.