മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറൈ അസറ്റ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റര്‍ ഫണ്ട് ഓഫ് ഫണ്ടിനു തുടക്കം കുറിച്ചു. മുഖ്യമായും ആഭ്യന്തര ഇക്വിറ്റി എക്സ്ചേഞ്ച് ട്രേഡഡ് പദ്ധതികളില്‍ (ഇടിഎഫ്) നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയാണിത്.

പുതിയ പദ്ധതി ഓഫര്‍ (എന്‍എഫ്ഒ) സെപ്റ്റംബര്‍ എട്ടു മുതല്‍ 15 വരെ നടക്കും. നിഫ്റ്റി 200 (ടിആര്‍ഐ) സൂചികയായിരിക്കും ഇതിന്റെ അടിസ്ഥാനം. ഭാരതി സാവന്താണ് ഫണ്ട് മാനേജര്‍. വന്‍കിട, ഇടത്തരം മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ച് നിഫ്റ്റി 50 ഇടിഎഫ്, നിഫ്റ്റി നെക്സ്റ്റ് 50 ഇടിഎഫ്, മിഡ്കാപ് 150 ഇടിഎഫുകള്‍ തുടങ്ങിയവയിലായായിരിക്കും ഇതിന്റെ ആസ്തികള്‍ സജീവമായി വകയിരുത്തുക.

നിക്ഷേപകര്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ഇല്ലെങ്കിലും ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതിന്റെ ഗുണം കൊയ്യാം എന്നതാണ് ഈ ഫണ്ട് ഓഫ് ഫണ്ട് വഴി ലഭിക്കുന്ന നേട്ടം.

ലഭ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ആസ്തികള്‍ വിലയിരുത്തുകയും നിക്ഷേപകര്‍ക്ക് പരമാവധി നേട്ടമുണ്ടാക്കുകയുമായിരിക്കും മിറൈ അസറ്റ് ഇക്വിറ്റി അലോക്കേറ്റര്‍ ഫണ്ട് ഓഫ് ഫണ്ട് ചെയ്യുക. വിപണിയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചും കുറഞ്ഞ ചെലവിലുമായിരിക്കും ഇതു ചെയ്യുക. 

അയ്യായിരം രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ചെലവു കുറഞ്ഞ ഇടിഎഫുകള്‍ വഴി ദീര്‍ഘകാല മൂലധന നേട്ടം സൃഷ്ടിക്കുകയും മോഡറേറ്റ് ഹൈ വിഭാഗത്തിലുള്ള നഷ്ടസാധ്യതയിലൂടെ വരുമാനം ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

മിറൈ അസറ്റ് ഇക്വിറ്റ് അലോക്കേറ്റര്‍ ഫണ്ട് ഓഫ് ഫണ്ട് റെഗുലര്‍ പദ്ധതിയും ഡയറക്ട് പദ്ധതിയും അവതരിപ്പിക്കുന്നുണ്ട്. ഇവയില്‍ ലാഭവിഹിതം നല്‍കുന്നതും അത് നിക്ഷേപത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതും ആയ രീതികളും ലഭ്യമാണ്.