തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സ് വാല്യുവിന്റെ നോണ്‍ ബാങ്കിങ്ങ് ഫിനാന്‍സ് കമ്പനിയായ മാക്‌സ് വാല്യൂ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് ദേശിയതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. 2016-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന് നിലവില്‍ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ 71 ബ്രാഞ്ചുകളാണുള്ളതെന്ന് കമ്പനിയുടെ ചെയര്‍മാന്‍ പോള്‍സണ്‍ ചിറയത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ 700 കോടി രൂപയുടെ ആസ്തിയാണ് ഈ സ്ഥാപനത്തിനുള്ളതെന്നാണ് കമ്പനി മേധാവികള്‍ അറിയിച്ചിട്ടുള്ളത്. 1.8 ലക്ഷം ഉപയോക്താക്കളാണ് മാക്‌സ് വാല്യൂ ക്രെഡിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിനുള്ളത്. 1500 ജീവനക്കാരും ഈ സ്ഥാപനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനിയുടെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. 

പ്രവര്‍ത്തനം രാജ്യ വ്യാപകമാക്കുന്നതിന്റെ ഭാഗമായി കര്‍ണാടകയില്‍ 35 ബ്രാഞ്ചുകളും ആന്ധാപ്രദേശില്‍ മൂന്ന് ബ്രാഞ്ചുകളും ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. തമിഴ്‌നാട്ടില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനൊപ്പം സമീപ ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം ആരംഭിക്കും. പ്രധാനമായും ടൂ വീലറുകള്‍ക്കാണ് ലോണ്‍ അനുവദിക്കുന്നത്. അടുത്ത കാലത്ത് ഇലക്ട്രിക് ഓട്ടോകള്‍ക്കും ലോണ്‍ അനുവദിക്കുന്നുണ്ട്.