കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി വിവിധ മോഡലുകൾക്ക് 2019 ജനുവരി മുതൽ വില കൂടും. അസംസ്‌കൃത വസ്തുക്കളുടെ വിലവർധനയും രൂപയുടെ മൂല്യത്തകർച്ചയും മൂലം വില കൂട്ടാൻ നിർബന്ധിതമായിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

എത്ര ശതമാനമായിരിക്കും വില വർധനയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഓരോ മോഡലുകൾക്കും വ്യത്യസ്തമായ നിരക്കിലായിരിക്കും വില കൂടുകയെന്നാണ് സൂചന. 2.53 ലക്ഷം രൂപ വിലയുള്ള ‘ആൾട്ടോ 800’ മുതൽ 11.45 ലക്ഷത്തിന്റെ പ്രീമിയം ക്രോസ്ഓവർ മോഡലായ ‘എസ്-ക്രോസ്’ വരെ മാരുതി വിൽക്കുന്നുണ്ട്. ഇവയ്ക്കെല്ലാം വില കൂടും.

ടൊയോട്ട, ഇസുസു മോട്ടോഴ്‌സ് എന്നീ കമ്പനികളും വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ടൊയോട്ട നാലു ശതമാനം വരെയാണ് വില കൂട്ടുന്നത്. ടാറ്റ മോട്ടോഴ്‌സും വില വർധനയുടെ സൂചന നൽകിയിട്ടുണ്ട്.