കൊച്ചി: ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയിൽ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയൻതാരയും ഇടം പിടിച്ചു.

18 കോടി രൂപയുടെ സമ്പാദ്യവുമായി 49-ാം സ്ഥാനത്താണ് മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69-ാം സ്ഥാനമാണ് നയൻതാരയ്ക്ക്. തെന്നിന്ത്യയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ച ഏക വനിതയും നയൻതാര തന്നെയാണ്.

2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള ഒരു വർഷക്കാലത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 100 പേരുടെ പട്ടികയിൽ ബോളിവുഡ് താരം സൽമാൻ ഖാനാണ് ഒന്നാം സ്ഥാനത്ത്. 253.25 കോടി രൂപയാണ് സൽമാന്റെ സമ്പാദ്യം. പട്ടികയിൽ മൂന്നാം തവണയാണ് ഈ 52-കാരൻ ഒന്നാം സ്ഥാനത്തെത്തുന്നത്. ടൈഗർ സിന്താ ഹേ, റേസ് 3 എന്നീ സിനിമകളിലൂടെയും നിരവധി കൺസ്യൂമർ ബ്രാൻഡുകളുടെ അംബാസഡറായുമാണ് സൽമാൻ ഖാന്റെ സമ്പാദ്യം ഉയർന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. 228.09 കോടി രൂപയാണ് സമ്പാദ്യം. 185 കോടി രൂപയുടെ സമ്പാദ്യത്തോടെ അക്ഷയ് കുമാറാണ് മൂന്നാം സ്ഥാനത്ത്. 112.8 കോടി രൂപയുടെ സമ്പാദ്യവുമായി ദീപിക നാലാം സ്ഥാനത്തെത്തി. പുതിയ ബ്രാൻഡുകളുമായുള്ള സഹകരണവും പത്മാവദ് സിനിമയുടെ വിജയവുമാണ് അവരെ നാലാം സ്ഥാനത്ത് എത്തിച്ചത്. ആദ്യമായാണ് ഒരു വനിതാ താരം ആദ്യ അഞ്ചിൽ ഇടം പിടിക്കുന്നത്.

കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തുണ്ടായ ഷാരൂഖ് ഖാൻ ഇത്തവണ ആദ്യ പത്തിൽ ഇടം നേടിയില്ല. സമ്പാദ്യത്തിൽ 33 ശതമാനം താഴ്ന്ന് 56 കോടി രൂപയുടെ സമ്പാദ്യവുമായി 13-ാം സ്ഥാനത്താണ് ഇദ്ദേഹം.

എ.ആർ. റഹ്‌മാൻ ആണ് തെന്നിന്ത്യയിലെ ഒന്നാമൻ. 66.75 കോടി രൂപയുമായി പതിനൊന്നാമതെത്തി. 50 കോടിയുമായി രജനികാന്ത് 14-ാം സ്ഥാനത്താണ്.

content highlights: mammootty nayanthara in forbes list