ലയാളി സംരംഭകൻ അരുൺ കുമാറിന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌ട്രൈഡ്‌സ് എന്ന മരുന്നുകമ്പനി കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള റഷ്യൻ വാക്സിനായ 'സ്പുട്‌നിക് 5' നിർമിക്കും. 20 കോടി ഡോസ് വാക്സിനാണ് സ്‌ട്രൈഡ്‌സിനു കീഴിലുള്ള ബയോ ഫാർമസ്യൂട്ടിക്കൽസ് വിഭാഗമായ സ്‌റ്റെലിസ് ബയോ ഫാർമ ഉത്‌പാദിപ്പിക്കുക.

റഷ്യയുടെ സർക്കാർ നിക്ഷേപ സ്ഥാപനമായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റേതാണ് (ആർ.ഡി.ഐ.എഫ്.) കരാർ. ആർ.ഡി.ഐ.എഫിന്റെ ഇന്ത്യയിലെ പങ്കാളിയായ എൻസോ ഹെൽത്ത്‌ കെയറിന്റെ പിന്തുണയും ഇടപാടിനുണ്ട്.

കോവിഡിനെ പ്രതിരോധിക്കാൻ ലോകത്ത് വികസിപ്പിച്ച ആദ്യ വാക്സിനുകളിലൊന്നാണ് റഷ്യയുടെ സ്പുട്‌നിക്. രണ്ടു ഡോസുകളായാണ് ഇവ നൽകുന്നത്. 91.6 ശതമാനമാണ് വിജയ ശതമാനം. 10 കോടി ജനങ്ങൾക്ക് ആവശ്യമായ പ്രതിരോധ മരുന്നാണ് ഇന്ത്യൻ കമ്പനി ഉത്പാദിപ്പിക്കുന്നത്.

കോവിഡ് പ്രതിരോധ വാക്സിൻ നിർമിച്ച് വിതരണം ചെയ്യാനുള്ള ദൗത്യത്തിൽ ആർ.ഡി.ഐ.എഫുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്‌ട്രൈഡ്‌സ് ഗ്രൂപ്പ് സ്ഥാപകൻ അരുൺ കുമാർ പറഞ്ഞു. സെപ്റ്റംബർ പാദത്തോടെ മരുന്നിന്റെ വിതരണം തുടങ്ങും. കരാറിലുള്ളതിനെക്കാൾ കൂടുതൽ മരുന്ന് ഉത്പാദിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലം സ്വദേശിയായ അരുൺ കുമാർ 1990-ലാണ് സ്‌ട്രൈഡ്‌സ് എന്ന പേരിൽ മരുന്നു കമ്പനിക്ക്‌ തുടക്കം കുറിച്ചത്. ഇന്ന് ഇന്ത്യക്കു പുറമെ യു.എസ്., സിങ്കപ്പൂർ, ഇറ്റലി, കെനിയ എന്നിവിടങ്ങളിൽ ഉത്പാദന കേന്ദ്രങ്ങളുള്ള കമ്പനി നൂറോളം രാജ്യങ്ങളിൽ മരുന്നു വിൽക്കുന്നുണ്ട്.