കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ്‌ ഡയമണ്ട്‌സ് ജനുവരിയിൽ 22 പുതിയ ഷോറൂമുകൾ തുറക്കുമെന്ന് ചെയർമാൻ എം.പി. അഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു.

10 എണ്ണം ഇന്ത്യയിലും 12 എണ്ണം വിദേശത്തുമാണ്. 800 കോടിയുടെ നിക്ഷേപമാണ് ഇതിനായി നടത്തിയിട്ടുളളത്. ഇതിലൂടെ അയ്യായിരത്തിലേറെ പുതിയ തൊഴിലവസരങ്ങളുണ്ടാവും. ലോകത്തിലെ ഏറ്റവുംവലിയ ജൂവലറി ഗ്രൂപ്പ് ആവാനാണ് മലബാർ ലക്ഷ്യമിടുന്നത്.

ജനുവരി എട്ടിന് ബെംഗളൂരുവിലും ഒൻപതിന് മഹാരാഷ്ട്രയിലെ സോളാപ്പുരിലും 13-ന് തെലങ്കാനയിലെ സിദ്ദിപ്പേട്ടും മലേഷ്യയിലെ സെറിബാനിലും 14-ന് തിരുപ്പൂരിലും 20-ന് മലേഷ്യയിലെ പെനാങ്ങിലും, 21-ന് ബെംഗളൂരു എച്ച്.എസ്.ആറിലും 22-ന് ഉത്തർപ്രദേശ് വാരാണസിയിലും ഖത്തറിലും ഒമാനിലും 27-ന് ഛത്തീസ്ഗഢിലും 28-ന് പുണെയിലും 29-ന് ഷാർജയിലും ദുബായിലും 30-ന് ഹരിയാണയിലും ഡൽഹിയിലും ഷോറൂമുകൾ തുറക്കും. ദുബായ് ഗോൾഡ് സൂക്കിൽ മൂന്നു ഷോറൂമുകളുണ്ടാവും. ബെംഗളൂരുവിലേത് ആർട്ടിസ്ട്രി ഷോറൂമാണ്.

ഇന്ത്യയിൽ നിർമിക്കുക, ലോകത്ത് വിപണനംചെയ്യുക എന്നതാണ് കമ്പനിയുടെ നയമെന്ന് എം.പി. അഹമ്മദ് പറഞ്ഞു. 10 രാജ്യങ്ങളിൽ ശക്തമായ സാന്നിദ്ധ്യമുള്ള സ്ഥാപനത്തിന് 287 ഷോറൂമുകളുണ്ട്.

പത്രസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.പി. അബ്ദുൾസലാം, ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർമാരായ ഒ. അഷർ, ഷംലാൽ അഹമ്മദ് എന്നിവരും സംസാരിച്ചു.