കൊച്ചി: പ്രമുഖ ജൂവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള വികസനത്തിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ 56 പുതിയ ഷോറൂമുകൾ തുറക്കും. 1,600 കോടി രൂപയാണ് ഇതിനായി മുതൽമുടക്കുക. ഇന്ത്യയിൽ 40 ഷോറൂമുകളും വിദേശ രാജ്യങ്ങളിൽ 16 ഷോറൂമുകളുമാണ് ആരംഭിക്കുക. ഇതിലൂടെ പുതുതായി രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

പുതിയ ഷോറൂമുകളിൽ 12 എണ്ണം മൂന്നു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിൽ കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ, ഉത്തർപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്ത് സിങ്കപ്പൂർ, മലേഷ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, യു.എ.ഇ. എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകൾ വരുന്നത്.

നിലവിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് 10 രാജ്യങ്ങളിലായി 270-ലേറെ ഷോറൂമുകളുണ്ട്. 27 വർഷം മുൻപ് ഒരു ചെറിയ ഷോറൂമിൽനിന്ന് ആരംഭിച്ച മലബാർ ഗോൾഡിന്റെ യാത്ര ആഗോളതലത്തിലേക്ക് ശക്തിപ്പെടുത്തുകയാണ്‌. സ്വർണ-വജ്ര റീട്ടെയിൽ ബിസിനസിലൂടെയും ആഭരണ നിർമാണ ശാലകളിലൂടെയും മൾട്ടി റീട്ടെയിൽ ആശയങ്ങളിലൂടെയുമെല്ലാം അന്താരാഷ്ട്ര തലത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ വലിയൊരു ബ്രാൻഡാക്കി മാറ്റാൻ സാധിച്ചിട്ടുണ്ടെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതോടെ ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തിൽ ഒന്നാമതെത്തിക്കൊണ്ട് ഒരു ഉത്തരവാദിത്വ ജൂവലറി ഗ്രൂപ്പായി മാറാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലബാർ ഗോൾഡിന്റെ എല്ലാ ഇടപാടുകളും സുതാര്യമായിരിക്കുമെന്ന് മലബാർ ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾ സലാം പറഞ്ഞു. ഇക്കഴിഞ്ഞ ഉത്സവ സീസണിലെ വില്പനയുടെ തോത് മനസ്സിലാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനായി തയ്യാറെടുത്തിട്ടുണ്ടെന്നും ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ പറഞ്ഞു.