മുംബൈ: റീട്ടെയിൽ വായ്പകളുടെ പുനഃക്രമീകരണത്തിനുള്ള നടപടികൾക്ക് തുടക്കമിട്ട് എസ്.ബി.ഐ.. ബാങ്കിന്റെ sbi.co.in എന്ന പോർട്ടലിൽ കയറി വായ്പാ പുനഃക്രമീകരണത്തിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാം.

വായ്പ അക്കൗണ്ട് നമ്പർ, കോവിഡിനുമുമ്പുള്ള വരുമാനം, നിലവിലെ വരുമാനം, സമീപഭാവിയിൽ ലഭിക്കാൻ സാധ്യതയുള്ള വരുമാനം തുടങ്ങിയവ പോർട്ടലിൽ നൽകിയാൽ വായ്പാ പുനഃക്രമീകരണത്തിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാം. അർഹതയുണ്ടെങ്കിൽ ഇതിനൊപ്പം 30 ദിവസം കാലാവധിയുള്ള ഒരു റഫറൻസ് നമ്പർ കൂടി ലഭിക്കും. ഇതുമായി ബാങ്ക് ശാഖയിലെത്തി പുനഃക്രമീകരണത്തിനുള്ള നടപടി പൂർത്തിയാക്കാമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

കോവിഡിനു മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ വരുമാനം ഇപ്പോഴുണ്ടെങ്കിൽ വായ്പാ പുനഃക്രമീകരണത്തിന് അർഹത ലഭിക്കില്ല. വായ്പയെടുത്തിട്ടുള്ളവർക്ക് പരമാവധി രണ്ടു വർഷം വരെ വായ്പാ കാലാവധി ഉയർത്താനും അവസരമുണ്ട്.

കാലാവധി നീട്ടാൻ അപേക്ഷിക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും വായ്പാ പുനഃക്രമീകരണത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

Loan restructuring begins at SBI