മുംബൈ: മാർച്ച് ഒന്നുവരെ കുടിശ്ശിക വരുത്താത്ത അക്കൗണ്ടുകൾക്കുമാത്രമാവും കോവിഡ് അനുബന്ധ വായ്പാ പുനഃക്രമീകരണത്തിന് അർഹതയെന്ന് റിസർവ് ബാങ്ക്. 30 ദിവസത്തിലധികം കുടിശ്ശിക വരുത്തുകയും മാർച്ച് ഒന്നിനുശേഷം തീർത്തതുമായ അക്കൗണ്ടുകൾ പദ്ധതിക്കു കീഴിൽ വരില്ല. അതേസമയം, ഇത്തരം അക്കൗണ്ടുകൾ 2019 ജൂൺ ഏഴിലെ പ്രൂഡൻഷ്യൽ ഫ്രെയിംവർക്ക് പ്രകാരം പരിഗണിക്കാമെന്നും ആർ.ബി.ഐ. വിശദീകരിക്കുന്നു.

പുനഃക്രമീകരണം സംബന്ധിച്ച് വായ്പയെടുത്തിട്ടുള്ളവരുടെയും വായ്പാസ്ഥാപനങ്ങളുടെയും സംശയനിവൃത്തിക്കായി നൽകിയ വിശദീകരണക്കുറിപ്പിലാണ് ആർ.ബി.ഐ. ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

മാർച്ച് ഒന്ന് അടിസ്ഥാനമാക്കിയാണ് പുനഃക്രമീകരണത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. അതിനുശേഷം അക്കൗണ്ട് ക്രമപ്പെടുത്തിയാലും അത് അനർഹമായിരിക്കും. ഇതനുസരിച്ച് ഏകദേശം 5.7 ലക്ഷം കോടി രൂപയുടെ വായ്പകൾ ആനുകൂല്യത്തിനു പുറത്താകുമെന്നാണ് വിലയിരുത്തുന്നത്. അടിസ്ഥാനതീയതി മാർച്ച് ഒന്നാണെങ്കിലും പുനഃക്രമീകരണം വരെയുള്ള തുക പദ്ധതിയുടെ ഭാഗമാക്കാനാകും. വായ്പാ പുനഃക്രമീകരണത്തിന് വായ്പാസ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിൽ ഡിസംബർ 31-നുമുമ്പായി ധാരണയിലെത്തിയിരിക്കണം. ഇത്തരത്തിൽ ധാരണയുണ്ടാക്കുന്ന തീയതി മുതൽ 90 ദിവസത്തിനകം റീട്ടെയിൽ വായ്പകളിലും 180 ദിവസത്തിനകം കോർപ്പറേറ്റ് വായ്പകളിലും നടപടികൾ പൂർത്തിയാക്കണമെന്നും ആർ.ബി.ഐ. നിർദേശിച്ചിട്ടുണ്ട്.

ഉപഭോക്താവ് ഒന്നിലധികം സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട വായ്പാസ്ഥാപനങ്ങൾ തമ്മിൽ കരാറുണ്ടാക്കിവേണം നടപടിയെടുക്കാൻ. നൂറുകോടിയിലധികം വരുന്ന വായ്പകൾ പുനഃക്രമീകരിക്കുന്നതിന് ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുടെ വിലയിരുത്തൽ റിപ്പോർട്ട് ആവശ്യമാണ്. ജൂൺ 26-ന് പ്രാബല്യത്തിൽവന്ന സൂക്ഷ്മ-ചെറു-ഇടത്തരം സംരംഭങ്ങളുടെ പുതുക്കിയ നിർവചനം പദ്ധതിക്ക് ബാധകമാവില്ല.

മാർച്ച് ഒന്നുപ്രകാരമുള്ള നിർവചനമായിരിക്കും പരിഗണിക്കുക. വസ്തു ഈടാക്കിവെച്ചിട്ടുള്ള വായ്പകൾ വ്യക്തിഗത വായ്പാ വിഭാഗത്തിലുള്ളതല്ലെങ്കിൽ പുനഃക്രമീകരിക്കാം. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലേതടക്കം കാർഷികവായ്പകൾ പദ്ധതിയുടെ ഭാഗമാക്കാം. എന്നാൽ ക്ഷീരമേഖല, മത്സ്യക്കൃഷി, മൃഗപരിപാലനം, കോഴിവളർത്തൽ, തേനീച്ച വളർത്തൽ, പട്ടുനൂൽക്കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വായ്പകൾ പദ്ധതിക്കു പുറത്തായിരിക്കുമെന്നും ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.