കൊച്ചി: ജിയോജിത് ക്രെഡിറ്റ്സ് ഓഹരിയിന്മേല്‍ വായ്പ നല്‍കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു. രാജ്യത്തെ മുന്‍നിര നിക്ഷേപ സേവനദാതാക്കളായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉപസ്ഥാപനമാണ് ജിയോജിത് ക്രെഡിറ്റ്സ്. ഇതോടെ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററിയുടെ (NSDL) അക്കൗണ്ടുടമകള്‍ക്ക് ഓഹരികളുടെ ജാമ്യത്തില്‍ പൂര്‍ണമായും ഡിജിറ്റലായി വായ്പ നല്‍കുന്ന (LAS) രാജ്യത്തെ ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ ് ജിയോജിത് ക്രെഡിറ്റ്സ്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എന്‍എസ്ഡിഎല്‍ മാനേജിംഗ് ഡയറക്ടര്‍ പത്മജാ ചുന്ദുരു പ്ളാറ്റ്ഫോമിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ജിയോജിത് മാനേജിംഗ് ഡയറക്ടര്‍ സി ജെ ജോര്‍ജ്ജ്, ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ ബാലകൃഷ്ണന്‍, എന്‍എസ്ഡിഎല്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രശാന്ത് വാഗല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

കൂടുതല്‍ നിക്ഷേപത്തിനോ അടിയന്തര വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ നിക്ഷേപകര്‍ക്ക് ഉടന്‍ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഹരികളുടെ പണയത്തില്‍ വായ്പ നല്‍കുന്ന ഡിജിറ്റല്‍ എല്‍എഎസ് പദ്ധതി രൂപ കല്‍പന ചെയ്തത്. ഡിമാറ്റ് അക്കൗണ്ടുടമയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഓഹരി പണയ അപേക്ഷ സമര്‍പ്പിക്കാന്‍ ഡിജിറ്റല്‍ എല്‍എഎസ് സംവിധാനത്തിലൂടെ കഴിയും. 

https://loans.geojitcredits.com എന്ന പേരിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഓഹരികള്‍ പണയം വെച്ച് ഇഷ്ടമുള്ള പദ്ധതിയില്‍ അപേക്ഷിക്കാനും നടപടിക്രമങ്ങള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാനും കഴിയും. ഡിജിറ്റല്‍ ഒപ്പുസഹിതം അപേക്ഷ അംഗീകരിക്കുന്നതോടെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും. ഉപയോഗിക്കുന്ന പണത്തിനു മാത്രമേ പലിശ ഈടാക്കൂ. എല്‍എഎസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ പരമാവധി പണം ലഭ്യമാവും. സൗകര്യപ്രദമായ രീതിയില്‍ തിരിച്ചടയ്ക്കാം. ചില പ്രത്യേക പദ്ധതികള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കും ജിയോജിത് ക്രെഡിറ്റ്സ് വാഗ്ദാനം ചെയ്യുന്നു.

ഓഹരികള്‍ പണയം വെച്ച് വായ്പ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇടപാടുകാരുടെ ഡിമാറ്റ് അക്കൗണ്ടില്‍ ആവശ്യമായത്ര ഓഹരികളുണ്ടായിരിക്കണം. അവരുടെ സിബില്‍ സ്‌കോറും തൃപ്തികരമാവണം. എന്‍എസ്ഡിഎല്ലില്‍ ഡിമാറ്റ് അക്കൗണ്ടുള്ള ജിയോജിത് ഇടപാടുകാരല്ലാത്തവര്‍ക്കും അവരുടെ ഓഹരി ബ്രോക്കര്‍മാരുടെ സേവനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമിലൂടെ എല്‍എഎസ് വായ്പ വാങ്ങാന്‍ കഴിയും.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടെക്നോളജി വിഭാഗമായ ജിയോജിത് ടെക്നോളജീസും എന്‍എസ്ഡിഎല്ലും ചേര്‍ന്നാണ് എല്‍എഎസ് ഡിജിറ്റല്‍ പ്ളാറ്റ്ഫോം രൂപകല്‍പന ചെയ്ത് നിര്‍മ്മിച്ചത്.

ഫോട്ടോ കാപ്ഷന്‍:
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലോണ്‍ എഗെയ്ന്‍സ്റ്റ് ഷെയേഴ്സ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം എന്‍.എസ്.ഡി.എല്‍. മാനേജിംഗ് ഡയറക്ടര്‍ പത്മജ ചുന്ദുരു കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുന്നു.