ബിറ്റ്‌കോയിന്റെ മൂല്യം പത്ത് ലക്ഷം രൂപയിലേറെയായത് നിക്ഷേപ ലോകം അത്ഭുതത്തോടെയാണ് കണ്ടത്. ബിറ്റ്‌കോയിനില്‍നിന്ന് മറ്റ് ഡിജിറ്റല്‍ കറന്‍സികളിലേയ്ക്കും ക്രിപ്‌റ്റോകറന്‍സി വ്യാപാരം വ്യാപിക്കുകയാണ്. 

കടുത്തമത്സരത്തിലേയ്ക്ക് നിങ്ങുന്നതിന്റെ സൂചനയായി ലൈറ്റ്‌കോയിനും കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ബിറ്റ്‌കോയിന്റെ പിന്നില്‍ത്തന്നെ ലൈറ്റ്‌കോയിനുമുണ്ട്. 

ഡിസംബര്‍ 12വരെയുള്ള കണക്കുപ്രകാരം ഒരുവര്‍ഷംകൊണ്ട് ലൈറ്റ്‌കോയിന്‍ നിക്ഷേപകന് നല്‍കിയനേട്ടം 5,700 ശതമാനമാണ്. അതേസമയം, ഈ കാലയളവില്‍ ബിറ്റ്‌കോയിന്‍ നല്‍കിയതാകട്ടെ 1,550 ശതമാനംമാത്രവും.

coingecko.com ല്‍നിന്ന് ലഭിക്കുന്ന വിവരപ്രകാരം ചൊവാഴ്ച രാവിലെ 10.55 ന് 16,313 രൂപയാണ് ലൈറ്റ്‌കോയിന്റെ മൂല്യം. രാജ്യാന്തര വിപണിയില്‍ 253 ഡോളര്‍ നിലവാരത്തിലാണ് ഈ സമയത്ത് വ്യാപാരം നടന്നത്. 

0.88 ലക്ഷം കോടി രൂപയാണ് ലൈറ്റ്‌കോയിന്റെ നിലവിലെ വിപണിമൂല്യം. മറ്റ് ക്രിപ്‌റ്റോകറന്‍സികളായ അയോട്ടയും റിപ്പിളും വിപണിമൂല്യത്തിന്റെകാര്യത്തില്‍ ലൈറ്റ്‌കോയിന് തൊട്ടുപിന്നാലെയുണ്ട്.

അയോട്ടയുടെ വിപണിമൂല്യം 0.75 ലക്ഷം കോടി രൂപയും റിപ്പിളിന്റേത് 0.67 ലക്ഷം കോടിയുമാണ്. അയോട്ട 270.59 രൂപനിരക്കിലും റിപ്പിള്‍ 17.28 രൂപ നിരക്കിലുമാണ് രാവിലെ വ്യാപാരം നടന്നത്. 

ബിറ്റ്‌കോയിനും ഈതേറിയവും വികസിപ്പിച്ചതിനുശേഷമാണ് മൂന്നാംതലമുറ ബ്ലോക്ക്‌ചെയിനായി അയോട്ട രംഗത്തെത്തിയത്. 

ലൈറ്റ്‌കോയിനെക്കുറിച്ച് അറിയാം അഞ്ച് കാര്യങ്ങള്‍

1. ഗൂഗിളിലെ ജീവനക്കാരനും കോയിന്‍ബേസിന്റെ മൂന്‍ ഡയറക്ടറുമായ ചാര്‍ളി ലീ-യാണ് ക്രിപ്‌റ്റോകറന്‍സിയായ ലൈറ്റ്‌കോയിന്റെ സൃഷ്ടാവ്.

2. ലൈറ്റ്‌കോയിന്‍ നെറ്റ് വര്‍ക്ക് 84 മില്യണ്‍ കറന്‍സിയൂണിറ്റില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

3. സാങ്കേതികപരമായി ബിറ്റ്‌കോയിന് സമാനമാണ് ലൈറ്റ്‌കോയിന്‍. ബിറ്റ്‌കോയിനെപ്പോലത്തന്നെയാണ് ലൈറ്റ്‌കോയിനും മൈന്‍ചെയ്‌തെടുക്കുന്നത്. 

4.ഡോയിച്ച് ബാങ്ക് വെല്‍ത്ത് മാനേജുമെന്റിന്റെ അഭിപ്രായത്തില്‍ ലൈറ്റ്‌കോയിന്‍ എളുപ്പത്തില്‍ പ്രൊസസ് ചെയ്‌തെടുക്കാം. അതായത് ബിറ്റ്‌കോയിനേക്കാള്‍ നാലിരട്ടി വേഗത്തില്‍ സൃഷ്ടിക്കാം. ഒരു ബ്ലോക്ക് ലൈറ്റ്‌കോയിന്‍ രൂപപ്പെടുത്താന്‍ 2.5 മിനുട്ട് മതിയാകും. ഇത് ഇടപാട് ചെലവ് കുറയ്ക്കുകയും അതിവേഗതയില്‍ ഇടപാട് ഉറപ്പിക്കുകയുംചെയ്യും.

5. സങ്കീര്‍ണമല്ലാത്ത അല്‍ഗോരിതം(കംപ്യൂട്ടര്‍ പ്രോഗ്രാമിങ്) അടിസ്ഥാനമാക്കിയാണ് ലൈറ്റ്‌കോയിന്‍ രൂപപ്പെടുത്തുന്നത്. ഒരുബ്ലോക്ക് കോയിന്‍ രൂപപ്പെടുത്താന്‍ കുറഞ്ഞ കപ്യൂട്ടിങ് ശേഷി മതി.