മുംബൈ:കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ഉപകമ്പനിയിൽ എച്ച്.ഡി.എഫ്.സി.ക്ക് 9.90 ശതമാനം ഓഹരിപങ്കാളിത്തം. അസറ്റ് മാനേജ്മെന്റ് കമ്പനിയായി 2018-ൽ രജിസ്റ്റർചെയ്ത കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡിന്റെ 9.9 ശതമാനം ഓഹരികളാണ് എച്ച്.ഡി.എഫ്.സി.ക്ക് വിറ്റിരിക്കുന്നത്.

കെ.ഐ.എഫ്.എം.എലിന്റെ പത്തുരൂപ മുഖവിലയുള്ള 3,88,303 ഓഹരികൾ ഏറ്റെടുത്തതായി ലിസ്റ്റഡ് കമ്പനിയായ എച്ച്.ഡി.എഫ്.സി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. മുഖവിലയായ പത്തുരൂപയ്ക്കു തന്നെയാണ് ഓഹരികൾ വാങ്ങിയിരിക്കുന്നതെന്നും തുക പണമായി നൽകുമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വെറും 38,83,030 രൂപയ്ക്കാണ് കമ്പനിയുടെ പത്തുശതമാനത്തിനടുത്ത് ഓഹരികൾ സ്വകാര്യ കമ്പനിയായ എച്ച്.ഡി.എഫ്.സി.ക്ക് കൈമാറിയിരിക്കുന്നത്. ഇടപാടു പൂർത്തിയാക്കാൻ ഒരുമാസത്തെ സമയമുണ്ടെന്നും എച്ച്.ഡി.എഫ്.സി. നൽകിയ രേഖകളിൽ പറയുന്നു.

പ്രൈവറ്റ് പ്ലേസ്‌മെന്റ് രീതിയിലാണ് എച്ച്.ഡി.എഫ്.സി.ക്ക് ഓഹരികൾ കൈമാറിയിട്ടുള്ളത്. 2020 മാർച്ച് 31-ലെ കണക്കുപ്രകാരം 1.88 കോടി രൂപയുടെ മൂല്യമാണ് കമ്പനിക്ക് കണക്കാക്കിയിട്ടുള്ളത്. ഇടപാടിനായി സർക്കാരിന്റെയോ ഏതെങ്കിലും നിയന്ത്രണ ഏജൻസിയുടെയോ അനുമതി ആവശ്യമില്ലെന്നും എച്ച്.ഡി.എഫ്.സി. സമർപ്പിച്ച രേഖകളിൽ പറയുന്നു.