കൊച്ചി: ‘കീറ്റോ’, ‘സെലിബീസ്’... ഈ പേരുകൾ മനസ്സിലിട്ട് പൂട്ടിക്കോളൂ. സ്റ്റാർട്ടപ്പിൽനിന്ന് ലോകത്തെ മികച്ച സംരംഭങ്ങളിലേക്കു വളർന്ന ഫ്ളിപ്കാർട്ടിന്റെയും ബൈജൂസിന്റെയും പേടിഎമ്മിന്റെയും വഴിത്താരയിലാണീ മലയാളി സ്റ്റാർട്ടപ്പുകൾ. ലോകത്തെ മികച്ച ഭാവിസംരംഭങ്ങളെ കണ്ടെത്താനുള്ള അവസാന ഒമ്പതിൽ ഇടംപിടിച്ചിരിക്കുന്നു ഇവർ.
തുർക്കിയിൽ നടക്കുന്ന ‘സ്റ്റാർട്ടപ്പ് ഈസ്താംബൂൾ 2020’-ൽ 166 രാജ്യങ്ങളിൽനിന്നുള്ള 1.60 ലക്ഷം സ്റ്റാർട്ടപ്പുകളിൽനിന്നാണ് പുണെ ആസ്ഥാനമായ കീറ്റോയും കൊച്ചിയിലെ സെലിബീസും അവസാന റൗണ്ടിൽ എത്തിയത്. ഒക്ടോബറിലാണ് ഫൈനൽ റൗണ്ട്.
വിദഗ്ധരടങ്ങുന്ന സമിതിയാണ് ഓരോ ഘട്ടത്തിലെയും തിരഞ്ഞെടുപ്പ് നടത്തുക. ഏതു സാഹചര്യത്തിലും ബിസിനസിന് പിടിച്ചുനിൽക്കാനാകുമോ, വളർച്ചസാധ്യത, സംരംഭത്തിൽ സ്ഥാപകരുടെ താത്പര്യവും പങ്കാളിത്തവും എന്നിവയാണ് പ്രധാനമായും വിലയിരുത്തുക. ആദ്യ മൂന്നിൽ ഇടംപിടിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആഗോളനിക്ഷേപകരെ ലഭിക്കും.
കീറ്റോ
നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടിസ്ഥാനമാക്കിയുള്ള കമ്പനി. കോട്ടയം കടുത്തുരുത്തി സ്വദേശി പി.എസ്. അമൽ തുടങ്ങി. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്രസർക്കാരിനു വേണ്ടിയാണ് കീറ്റോ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഏറെ പഴക്കമുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി അതിന്റെ സാരാംശം നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാക്കുന്ന സംവിധാനം.
സെലിബീസ്
വീട്ടമ്മമാരെ സംരംഭക ലോകത്തെത്തിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിൽ കൊച്ചി ആസ്ഥാനമായി തുടങ്ങിയ സ്റ്റാർട്ടപ്പ്. കൊച്ചി ഇൻഫോപാർക്കിൽ ജോലിചെയ്തിരുന്ന ഫൈസൽ എം. ഖാലിദും ഭാര്യ സുനിതയും ചേർന്ന് തുടങ്ങി. വീട്ടമ്മമാർ ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ഉപഭോക്താക്കളെ കണ്ടെത്തുകയാണ് സെലിബീസ് ചെയ്യുന്നത്. ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുന്നവരുടെ പരിസരത്തുള്ള വീട്ടമ്മമാർ ഉണ്ടാക്കുന്ന വിഭവങ്ങളാണ് ആപ്പിൽ തെളിയുക. ഓരോ മാസവും വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിൽ വരുമാനമെത്തും.