കൊച്ചി: വ്യോമയായ വ്യവസായ രംഗത്തെ ടെക്‌നോളജി സ്റ്റാര്‍ട്ട്അപ്പായ വെര്‍ടെയ്ല്‍ ടെക്‌നോളജീസ് സീരീസ് എ ഫണ്ട് റൗണ്ടിലൂടെ 100 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. കൊച്ചി ആസ്ഥാനമായ ഈ സ്റ്റാര്‍ട്ട്അപ്പ് ഇതിന് മുന്നോടിയായി പ്രീ-സീരീസ് എ ഫണ്ടിങ് റൗണ്ട് പൂര്‍ത്തിയാക്കി.

പ്രമുഖ വ്യവസായിയും വി-ഗാര്‍ഡ്, വണ്ടര്‍ല ഹോളിഡെയ്‌സ് എന്നിവയുടെ സ്ഥാപകനുമായ കൊച്ചൗസേപ്പ് ചിറ്റിലപിള്ളി, ഖത്തറിലെ മെഡ്‌ടെക് കോര്‍പ്പറേഷന്റെ ചെയര്‍മാനും  കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഡയറക്ടറുമായ  എം.പി.ഹസന്‍കുഞ്ഞി, പ്രവാസി വ്യവസായി  കെ.എം.വര്‍ഗീസ് എന്നിവരില്‍ നിന്നാണ് മൂലധന സമാഹരണം നടത്തിയത്. ഇന്‍വസെറ്റ്‌മെന്റ് ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്ലൂബെല്‍ ഗ്രൂപ്പാണ് ഇതിന് നേതൃത്വം നല്‍കിയത്.

വിമാനടിക്കറ്റിങ് രംഗത്ത് നാലു പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന സംവിധാനത്തിന് പകരം അയാട്ട അംഗീകരിച്ച ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി (എന്‍.ഡി.സി.) എന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ട്അപ്പാണ് വെയര്‍ടെയ്ല്‍. ഏറെക്കാലം എയര്‍ലൈന്‍ ഐ.ടി. രംഗത്ത് പ്രവര്‍ത്തിച്ച മലയാളികളായ ജെറിന്‍ ജോസ്, സതീഷ് സത്ചിത് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കമ്പനിക്ക് തുടക്കമായത്.

ഇത്തിഹാദ് എയര്‍വെയ്‌സ്, ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വെയ്‌സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള മുന്‍നിര വിമാനക്കമ്പനികളെയും വമ്പന്‍ ട്രാവല്‍ ഏജന്‍സികളെയും ചുരുങ്ങിയകാലം കൊണ്ട് ഉപഭോക്താക്കളുടെ പട്ടികയില്‍ പെടുത്താന്‍ വെര്‍ടെയ്‌ലിന് കഴിഞ്ഞു. 2024 ഓടെ 100 കോടി ഡോളര്‍ (7,500 കോടി രൂപ) മൂല്യമുള്ള യൂണീകോണ്‍ സ്റ്റാര്‍ട്ട്അപ്പായി മാറുകയാണ് ലക്ഷ്യമെന്ന് വെര്‍ടെയ്ല്‍ ടെക്‌നോളജീസ് കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ ജെറിന്‍ ജോസ് പറഞ്ഞു.