ണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയ പരസ്യ ക്യാംപയിന്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. കാലങ്ങളായി കണ്ണൂര്‍ കണ്ട സ്വപ്‌നം, എയര്‍പോര്‍ട്ടിന്റെ അത്യാധുനിക സൗകര്യങ്ങള്‍, വ്യവസായത്തിലും കയറ്റിറക്കുമതിയിലും ടൂറിസം രംഗത്തും എയര്‍പോര്‍ട്ട് വരുന്നതോടെ ഉണ്ടാകുന്ന പുരോഗതി തുടങ്ങിയവയെക്കുറിച്ചാണ് ക്യാംപയിന്‍ സംസാരിക്കുന്നത്.

ഡ്രീം, ടൂറിസം, എക്‌സ്‌പോര്‍ട്ട്, പാസഞ്ചര്‍, ടീ ഷോപ്പ് എന്നിങ്ങനെയുള്ള ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് പരസ്യചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കണ്ണൂരിന്റെ ചിറകില്‍ നവകേരളം പറക്കും എന്ന മുഖ്യമന്ത്രിയുടെ വാക്കുകളും പരസ്യചിത്രങ്ങള്‍ക്കൊപ്പമുണ്ട്.

ഓരോ മലയാളിയിലും അഭിമാനമുണര്‍ത്തുന്നതും അവരെ വൈകാരികമായി സ്പര്‍ശിക്കുന്നതുമായ  ഈ പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തത് തനു ബാലക്കും സംഘവുമാണ്. നടി സുരഭിലക്ഷ്മി ഉള്‍പ്പെടെയുള്ളവരാണ് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

ഈ മാസം ഡിസംബര്‍ ഒമ്പതിനാണ് വിമാനത്താവളത്തിന്റെ  ഉദ്ഘാടനം. ഉദ്ഘാടനദിവസം മുതല്‍ തന്നെ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന് കിയാല്‍ എം.ഡി വി.തുളസീദാസ് നേരത്തെ അറിയിച്ചിരുന്നു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കണ്ണൂരിന്റെ പ്രതീക്ഷകള്‍ക്കും ചിറകുവെയ്ക്കും. വിമാനത്താവളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത 4000 മീറ്റര്‍ വരുന്ന റണ്‍വേ ആണ്.

നിലവില്‍ ഇന്ത്യയില്‍ 4000 മീറ്ററിന് മുകളില്‍ ദൈര്‍ഘ്യമുള്ള റണ്‍വേയുള്ളത് ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ക്ക് മാത്രമാണ്.

Content Highlights: Kannur Airport Viral Adds,Kannur Airport, KIAL, Welcome Kannur Airport