കൊച്ചി: പ്രമുഖ സ്വർണാഭരണ വിപണന ശൃംഖലയായ കല്യാൺ ജൂവലേഴ്‌സ് 2021 മാർച്ചിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിൽ ഏതാണ്ട് 60 ശതമാനം വളർച്ച കൈവരിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 35 ശതമാനമായിരുന്ന വരുമാന വളർച്ച മാർച്ചിൽ വൻതോതിൽ ഉയരുകയായിരുന്നു. 2020 മാർച്ചിൽ കോവിഡ് ലോക്ഡൗൺ മൂലം വരുമാനം വൻതോതിൽ കുറഞ്ഞിരുന്നു.

ഇന്ത്യയിൽ എല്ലാ പ്രദേശത്തുനിന്നുള്ള കച്ചവടത്തിലും വളർച്ചയുണ്ടായിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയാണ് മുന്നിൽ. അതേസമയം, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വരുമാനത്തിൽ 2021 ജനുവരി-മാർച്ച് പാദത്തിൽ ഏതാണ്ട് 20 ശതമാനം ഇടിവുണ്ടായി. അവിടെ, 37 സ്റ്റോറുകളിൽ ഏഴെണ്ണം പൂട്ടിയതും വരുമാനം കുറയാൻ ഇടയാക്കി. അതേസമയം, കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറുകയാണെന്ന് കമ്പനി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ മഹാരാഷ്ട്രയിലുള്ള ഒമ്പതു സ്റ്റോറുകൾ ഒഴികെ മറ്റെല്ലാം പ്രവർത്തിക്കുന്നുണ്ട്. പൂർണമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഷോറൂമുകളുടെ പ്രവർത്തനമെന്ന് കമ്പനി വ്യക്തമാക്കി.