കൊച്ചി: സ്വർണാഭരണ രംഗത്തെ മുൻനിരക്കാരായ ‘കല്യാൺ ജൂവലേഴ്‌സ്’ ഏപ്രിൽ 24-ഓടെ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലായി 14 പുതിയ ഷോറൂമുകൾ തുറക്കാനൊരുങ്ങുന്നു. ഇതുവഴി അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ റീട്ടെയിൽ സാന്നിധ്യം 13 ശതമാനം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ അറിയിച്ചു.

പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) പൂർത്തിയാക്കി ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തതിനു പിന്നാലെ പ്രഖ്യാപിക്കുന്ന ആദ്യ വികസന പദ്ധതിയാണ് ഇത്. ഐ.പി.ഒ. വഴി 1,175 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. ആദ്യപാദത്തിൽ പ്രവർത്തന മൂലധനം 500 കോടി രൂപയാക്കി ഉയർത്തും.

ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നീ വൻകിട നഗരങ്ങൾക്കു പുറമെ, നോയ്ഡ, നാസിക്, ഗുജറാത്തിലെ ജാംനഗർ, മധുര, തിരുച്ചിറപ്പള്ളി, തെലങ്കാനയിൽ കമ്മം, കരിംനഗർ, കേരളത്തിൽ പത്തനംതിട്ട എന്നിവിടങ്ങളിലായിരിക്കും പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കുക.

ഇന്ത്യയിൽ നിലവിൽ 107 ഷോറൂമുകളാണ് കല്യാൺ ജൂവലേഴ്‌സിനുള്ളത്, ഗൾഫ് രാജ്യങ്ങളിൽ 30 ഷോറൂമുകളും. പുതിയ ഷോറൂമുകൾ കൂടി തുറക്കുന്നതോടെ മൊത്തം ഔട്ട്‌ലെറ്റുകളുടെ എണ്ണം 151 ആകും. കമ്പനിയുടെ അടിത്തറ ശക്തമാക്കാനാണ് വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

Kalyan Jewellers Plans to open 14 showrooms across seven states