കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) വ്യാഴാഴ്ച പ്രഖ്യാപിക്കും. ഓഹരികളുടെ സൂചിത വില, ഐ.പി.ഒ. തീയതി എന്നിവ വ്യാഴാഴ്ച അറിയാം.

ഓഹരി വില്പന മാർച്ച് 16-ന് തുടങ്ങുമെന്നാണ് സൂചന. കേരളത്തിൽനിന്നുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നായിരിക്കും കല്യാൺ ജൂവലേഴ്സിന്റേത്. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തിൽ 1993-ൽ തൃശ്ശൂരിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജൂവലേഴ്സിന് 2020 ജൂൺ 30-ലെ കണക്ക് പ്രകാരം 137 ഷോറൂമുകളുണ്ട്. കല്യാണരാമനു പുറമെ, മക്കളായ ടി.കെ. സീതാരാമൻ, ടി.കെ. രമേശ് എന്നിവർ കൂടി അടങ്ങുന്നതാണ് പ്രൊമോട്ടർമാർ.

ആഗോള നിക്ഷേപക സ്ഥാപനമായ വാർബർ പിങ്കസും പ്രൊമോട്ടർമാരും ഓഹരിയിൽ ചെറിയൊരു പങ്ക് വിറ്റഴിക്കുമെന്നാണ് റിപ്പോർട്ട്.