കൊച്ചി: ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവിൽ മികച്ച വർദ്ധന കൈവരിക്കുകയും ഗൾഫ് വിപണിയിലെ ബിസിനസിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തതോടെ നാലാം പാദത്തിൽ കല്യാൺ ജൂവലേഴ്‌സ് മികച്ച പ്രകടനം കാഴ്ചവച്ചു. 

മുൻവർഷത്തെ 2140.7 കോടി രൂപയെ അപേക്ഷിച്ച് വിറ്റുവരവ് 3056.6 കോടി രൂപയായി ഉയർന്നു. അറ്റാദായം 73.9 കോടി രൂപയായി. ഇന്ത്യയിലെ വിറ്റുവരവ് 60.6 ശതമാനം വളർച്ച നേടിയപ്പോൾ മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള ആകമാന വിറ്റുവരവിലെ വളർച്ച 42.8 ശതമാനമായിരുന്നു.

അസംഘടിത മേഖലയിൽനിന്ന് സംഘടിത മേഖലയിലേക്ക് ജൂവലറി ബിസിനസ് ത്വരിതഗതിയിൽ മാറുന്നതും വിവാഹ പർചേസുകളിലും അനുബന്ധ മേഖലകളിലും വീണ്ടും ഉണർവ് ദൃശ്യമായതുമാണ് ഇന്ത്യയിലെ ബിസിനസ് വളരാൻ സഹായിച്ച ഘടകങ്ങൾ. നാലാം പാദ വിറ്റുവരവിൽ സ്വർണാഭരണവിഭാഗത്തിൽ 69.6 ശതമാനം വളർച്ച നേടിയപ്പോൾ സ്റ്റഡഡ് (കല്ല് പതിച്ച ആഭരണങ്ങൾ) വിഭാഗത്തിൽ 36.6 ശതമാനം വർദ്ധനയുണ്ടായി.

2021 മാർച്ച് 31-ലെ കണക്ക് പ്രകാരം കല്യാൺ ജൂവലേഴ്‌സിന് 137 ഷോറൂമുകളാണ് ഉള്ളത്. ഇതിൽ 107 എണ്ണം ഇന്ത്യയിലും 30 എണ്ണം ഗൾഫ് രാജ്യങ്ങളിലുമാണ്. കമ്പനിക്ക് ഇന്ത്യയിൽ 4,60,000 ചതുരശ്രയടിയും ഗൾഫിൽ 38,000 ചതുരശ്രയടിയും ഉൾപ്പെടെ മൊത്തം ഏതാണ്ട് അഞ്ചു ലക്ഷം ചതുരശ്രയടിയുടെ റീട്ടെയ്ൽ സ്‌പേസ് ഉണ്ട്.

കമ്പനിയുടെ ഇ-കൊമേഴ്‌സ് വിഭാഗമായ കാൻഡിയർ നാലാംപാദത്തിൽ വിറ്റുവരവിൽ 66 ശതമാനത്തിൻറെ വർദ്ധന രേഖപ്പെടുത്തി. വാർഷിക വിറ്റുവരവ് 47 ശതമാനം ഉയർന്ന് 82.1 കോടി രൂപയായി. 2019-20-ൽ 1.7 കോടി രൂപയുടെ അറ്റനഷ്ടത്തിലായിരുന്ന കാൻഡിയർ 2020-21-ൽ 3.2 കോടി രൂപ അറ്റാദായം നേടി.