ന്യൂഡല്‍ഹി: ഛോട്ടാഭീമിനെയും പോപ്പായിയെയും ഡോറയെയുമൊക്കെ ഇമവെട്ടാതെ കണ്ടിരിക്കുമ്പോള്‍ ഇടവേളയിലെ ഭക്ഷണ-പാനീയങ്ങളുടെ പരസ്യങ്ങള്‍ കണ്ട് അതിനായി കുട്ടികള്‍ വാശിപിടിക്കുമെന്ന പേടിവേണ്ട. ഇത്തരം പരസ്യങ്ങള്‍ ഇനി കാര്‍ട്ടൂണ്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കില്ല. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അമിതമായടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളുടെ പരസ്യം കുട്ടിചാനലുകളില്‍നിന്ന് പിന്‍വലിക്കുമെന്ന് ഈരംഗത്തെ ഒന്‍പത് പ്രമുഖ കമ്പനികള്‍ വ്യക്തമാക്കി.
നല്ലതീരുമാനം
കാര്‍ട്ടൂണ്‍ ചാനലുകളില്‍നിന്ന് ജങ്ക് ഫുഡ് പരസ്യങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഇതു നേരത്തേ ചെയ്യേണ്ടതായിരുന്നു. സ്വയം നിയന്ത്രണമേര്‍പ്പെടുത്തുകയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള മികച്ച പോംവഴി. ജങ്ക് ഫുഡ് കുട്ടികളുടെ ആരോഗ്യത്തിന് വലിയ വിപത്താണ്.

ഡോ. കെ.കെ. അഗര്‍വാള്‍
പ്രസിഡന്റ്, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ
 
 
കുട്ടികളുടെ അനാരോഗ്യകരമായ ഭക്ഷണശീലം നിയന്ത്രിക്കാന്‍ തീരുമാനം സഹായിക്കുമെന്ന് വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ലോക്‌സഭയെ അറിയിച്ചു. ഇത്തരം പരസ്യങ്ങള്‍ നിരോധിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജങ്ക് ഫുഡ് കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയോഗിച്ച വിദഗ്ധസമിതി വിലയിരുത്തിയിരുന്നു. ഇത്തരം പരസ്യങ്ങള്‍ സ്വമേധയാ നിയന്ത്രിക്കാനാണ് അതോറിറ്റി ഭക്ഷ്യവ്യവസായികളോട് ആവശ്യപ്പെട്ടത് -മന്ത്രി വ്യക്തമാക്കി.

വൈകീട്ട് ആറുമുതല്‍ രാത്രി പത്തുവരെ ഗര്‍ഭനിരോധന ഉറയുടെ പരസ്യങ്ങള്‍ ടി.വി. ചാനലുകളില്‍ സംപ്രേഷണം ചെയ്യരുതെന്ന് ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത്തരം പരസ്യങ്ങളില്‍ കുട്ടികളില്‍ അനാരോഗ്യകരമായ പ്രവണതകള്‍ ഉണ്ടാക്കുമെന്നായിരുന്നു വിശദീകരണം. പരസ്യങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നിരോധനം.