കൊച്ചി- ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്‌സ് ആയിരം രൂപ വീതം മുഖവിലയുള്ള കടപ്പത്രം പുറത്തിറക്കി. 500 കോടി രൂപ വരെ കടപത്രത്തിലൂടെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  പ്രാഥമിക ഘട്ടത്തില്‍ 100 കോടി വരെയുള്ള നോണ്‍ കര്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളാണ് പുറത്തിറക്കുന്നത്. ഇത് ഘട്ടം ഘട്ടമായി 400 കോടി മുതല്‍ 500 കോടി രൂപവരെയാക്കി ഉയര്‍ത്തും.

ഈ കടപ്പത്രങ്ങളിലൂടെ സംഭരിക്കുന്ന പണം തുടര്‍ന്നുള്ള വായ്പകള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും കമ്പനി വായ്പകളുടെ പലിശ തിരിച്ചടവിനും വായ്പകളുടെ മുതലിലേക്കും ഉപയോഗിക്കുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആദ്യഘട്ടം 2021 സെപ്തംബര്‍ 23 നു തുടങ്ങുകയും 2021 ഒക്ടോബര്‍ 14 നു അവസാനിക്കുകയും ചെയ്യും.

നാലുഘട്ടങ്ങളിലായി പുറത്തിറക്കുന്ന കടപ്പത്രത്തിന്റെ ആദ്യഘട്ടത്തില്‍ ഫ്‌ളോട്ടിംഗ് പലിശയും രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളില്‍ സ്ഥിരപലിശയുമായിരിക്കും. സ്ഥിര പലിശ പ്രതിവര്‍ഷം  8.3 ശതമാനവും ഫ്‌ളോട്ടിംഗ് പലിശ 91 ദിവസത്തെ ടി ബില്‍ അടിസ്ഥാനത്തില്‍ 3.15 ശതമാനം വ്യാപമായ നിലയിലും ആയിരിക്കും.  കടപ്പത്രത്തിന്റെ കാലാവധി 39 മാസം മുതല്‍ 100 മാസം വരെ ആയിരിക്കും.

ഈ പബഌക് ഇഷ്യു വായ്പകളുടെ വൈവിധ്യവല്‍ക്കരണത്തിനും  നിക്ഷേപത്തിനും സഹായകമാകുമെന്ന്  ജെഎം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റേയും ജെഎം ഫിനാന്‍ഷ്യല്‍ പ്രൊഡക്ട്‌സിന്റേയും മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ കമ്പാനി പറഞ്ഞു. ശക്തമായ ബാലന്‍സ് ഷീറ്റും ഉയര്‍ന്ന മൂല്യവും ബിസിനസിലെ വൈവിധ്യവും ഇടപാടുകാര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സമീപനവും ഞങ്ങളുടെ പങ്കാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാന്‍ പര്യാപ്തമാണ്ടെന്ന് വിശാല്‍ കമ്പാനി പറഞ്ഞു.