കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 130.56 കോടി രൂപയുടെ ലാഭം. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 1.49 ശതമാനത്തിന്റെ ലാഭവര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 128.64 കോടി രൂപയായിരുന്നു അന്നത്തെ ലാഭം.

നാലാം പാദത്തില്‍ കമ്പനിയുടെ  വരുമാനത്തില്‍ 6.12 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 840.58 കോടി രൂപയാണ് നാലാം പാദത്തിലെ  വരുമാനം. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ 792.11 കോടി രൂപയായിരുന്നു വരുമാനം.

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് വിപണിയിലുണ്ടായ അനിശ്ചിതാവസ്ഥ നേരിടുന്നതിനായി കമ്പനി 175 കോടി രൂപ ബാലന്‍സ് ഷീറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്. കമ്പനിയുടെ ഒരു രൂപ മുഖവിലയുള്ള ഷെയറിന് 20 പൈസ വീതം ഡിവിഡന്റ് നല്‍കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
2019 -20 സാമ്പത്തിക വര്‍ഷത്തില്‍ 3453.55 കോടി രൂപയാണ് ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന്റെ മൊത്തം വരുമാനം. 544.98 കോടി രൂപയുടെ മൊത്തം ലാഭവും നേടിയിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതിനെ തുടര്‍ന്നും വായ്പാ മേഖലയിലുണ്ടായ പ്രതിസന്ധിമൂലവും കഴിഞ്ഞ 18 മാസമായി ധനകാര്യ സേവന മേഖലയും പ്രത്യേകിച്ച് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും വലിയ വെല്ലുവിളിയാണ് നേരിട്ടതെന്ന് ജെഎം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വിശാല്‍ കംപാനി പറഞ്ഞു.

കോവിഡ് 19 വ്യാപനവും അതിനെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. കോവിഡ് 19 മൂലമുണ്ടായ അനിശ്ചിതാവസ്ഥ നേരിടുന്നതിനായി 175 കോടി രൂപ നീക്കിവെക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തില്‍ അടുത്ത ഏതാനും പാദങ്ങളില്‍ വളരെ സൂക്ഷ്മമായി തന്നെ തങ്ങളുടെ ബിസിനസിനെ നിരീക്ഷിക്കുന്നതിനും വിവേകപൂര്‍വ്വം ആസൂത്രണം നടത്തുന്നതിനും തയ്യാറെടുത്തു കഴിഞ്ഞതായി വിശാല്‍ കംപാനി പറഞ്ഞു. കോവിഡ് 19 നെ നേരിടുന്നതിനായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനി 30 കോടി രൂപ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.