കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെഎം ഫിനാന്‍ഷ്യല്‍ റീട്ടെയില്‍ വായ്പാ ഫ്രാഞ്ചൈസികളുടെ എണ്ണം നിലവിലുള്ളതില്‍ നിന്ന് നാലിരട്ടിയായി വര്‍ധിപ്പിക്കുന്നു.

നിലവില്‍ 27 ഫ്രാഞ്ചൈസികളാണ് ജെഎം ഫിനാന്‍ഷ്യലിനുള്ളത്.  ഭവന വായ്പയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കോ-ലെന്‍ഡിംഗ്  സംവിധാനത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇത് വഴി 2023 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും ഭവന വായ്പ 2000 കോടിയിലെത്തിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡാണ് ഇടപാടുകാര്‍ക്ക് ഓഹരി വാങ്ങുന്നതിനുള്ള ശുപാര്‍ശയുടെ ഭാഗമായി ജെഎം ഫിനാന്‍ഷ്യലിന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും 2020 സാമ്പത്തിക വര്‍ഷത്തില്‍ വളരെ മികച്ച  പ്രകടനം നടത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ക്യു ഐ പി വഴി 7.7 ബില്യണ്‍ രൂപ റിസ്‌ക് ക്യാപിറ്റലായി കണ്ടെത്താന്‍ സാധിച്ചതായും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികൂലമായ സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും ലഭ്യമായ എല്ലാ അസവരങ്ങളും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ജെഎംഫിനാന്‍ഷ്യലിന് കഴിയും. ഫ്രാഞ്ചൈസികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെയും മാര്‍ക്കറ്റിലെ സ്വാധീനം ശക്തമാക്കുന്നതിലൂടെയും കമ്പനിക്ക് വലിയ നേട്ടം കൈവരിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.