മുംബൈ: ചെറുനഗരങ്ങളിലേയ്ക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നിന്റെ ഭാഗമായി റിലയൻസ് ജിയോ ഹൈപ്പർ ലോക്കൽ ഡെലിവറി സ്റ്റാർട്ടപ്പായ ഡൻസോയിൽ വൻതോതിൽ നിക്ഷേപംനടത്തിയേക്കും. 

നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി ഡൻസോ വിവിധ കമ്പനികളുമായി ചർച്ച നടത്തിവരുന്നതിനിടെയാണ് റിലയൻസ് നിക്ഷേപത്തിന് തയ്യാറായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 1850 കോടി രൂപ നിക്ഷേപിച്ചേക്കുമെന്നാണ് അറിയുന്നത്.  

ഗൂഗിളിന്റെകൂടി പിന്തുണയോടെ പ്രവർത്തിക്കുന്ന ഡൻസോ 6000 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലൈറ്റ്‌ബോക്‌സ്, ഇവോൾവൻസ്, ഹന ഫിനാഷ്യൽ ഇൻവെസ്റ്റുമെന്റ്, എൽജിടി ലൈറ്റ്‌സ്റ്റോൺ, ആൾട്ടീരിയ ക്യാപിറ്റൽ തുടങ്ങിയ കമ്പനികളിൽനിന്ന് ഇതിനകം  40 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. 

2015ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പിൽ ഇതിനകം 121 മില്യൺ ഡോളറിന്റെ നിക്ഷേപമാണെത്തിയത്. ബ്ലൂം വെഞ്ച്വേഴ്‌സ്, കൽപവൃക്ഷ് ഫണ്ട്, പട്‌നി വെൽത്ത് അഡൈ്വസേഴ്‌സ് എന്നിവരും ഡെൻസോയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 

കോവിഡും ലോക്ഡൗണും ഇ-കൊമേഴ്‌സ് മേഖലയിൽ കൂടുതൽ സാധ്യതകൾ തുറന്നത് ഹൈപ്പർ ലോക്കൽ തലത്തിൽ കടുത്തമത്സരത്തിനിടയാക്കി. ജൂലായിൽ ഫ്‌ളിപ്കാർട്ടിന്റെ ഹൈപ്പർലോക്കൽ ഡെലിവറി ആപ്പായ ഫ്‌ളിപ്കാർട്ട് ക്വികിന് ബെംഗളുരുവിൽ തുടക്കമിട്ടിരുന്നു. ഭക്ഷ്യവിതരണക്കമ്പനിയായ സ്വിഗ്ഗി ഇൻസ്റ്റമാർട്ടിലൂടെ പലചരക്ക് വിതരണമേഖലയിലേക്കും കടന്നു.

വീടുകളിൽ പലചരക്ക് സാധനങ്ങളെത്തിക്കുന്നതിന്റെ ഭാഗമായി സൊമാറ്റായും ഓൺലൈൻ ഗ്രോസറി വിതരണ കമ്പനിയായ ഗ്രോഫേഴ്‌സിൽ നിക്ഷേപം നടത്തിയിരുന്നു. ഓർഡർചെയ്ത അതേദിവസംതന്നെ ഉത്പന്നങ്ങൾ ലഭിക്കുന്നതിന് കൂടുതൽ പണംചെലവാക്കാൻ ഉപഭോക്താക്കൾ തയ്യാറായതും കൂടുതൽ സാധ്യതകൾ നൽകി. 

പലചരക്ക്, മരുന്ന് തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ ഓർഡർചെയ്ത അന്നുതന്നെ ലഭിക്കുകയാണെങ്കിൽ ശരാശരി 44 രൂപ വിതരണചെലവായി നൽകാൻ ഉപഭോക്താക്കൾ തയ്യാറാണെന്ന് പ്രമുഖ മാനേജുമെന്റ് കൺസൾട്ടന്റ് റഡ്‌സീറും ലോജിസ്റ്റിക്‌സ് സ്ഥാപനമായ ഷാജോഫാക്‌സും നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. റീട്ടെയിൽ, ഇ-കൊമേഴ്‌സ് മേഖലയിൽ വൻകുതിപ്പിന് തയ്യാറെടുക്കുന്ന റിലയൻസിന് ഡൻസോയുമായുള്ള കൂട്ടുകെട്ട് പ്രയോജനംചെയ്യുമെന്നാണ് വിലയിരുത്തൽ.