റിലയൻസ് എനർജി ബിസിനസിലേയ്ക്ക് കടക്കുന്നതായി 44-ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ലോകത്തെതന്നെ ഏറ്റവും വലിയ എണ്ണകയറ്റുമതി സ്ഥാപനമായ സൗദി ആരാംകോയുടെ ചെയർമാനും പ്രമുഖ നിക്ഷേപകനുമായ യാസിർ അൽ റുമയ്യാനെ റിലയൻസിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിക്കുകയുംചെയ്തു. പ്രതിസന്ധിയുടെകാലത്തും റെക്കോഡ് വരുമാനംനേടാൻ കമ്പനിക്കായതായി ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. 5,40,000 കോടി രൂപയാണ് വരുമാനയിനത്തിൽ കമ്പനിക്ക് ലഭിച്ചത്.

കൺസ്യൂമർ ബിസിനസിൽനിന്നുള്ള വരുമാനത്തിലാണ് മികച്ചനേട്ടമുണ്ടാക്കിയത്. ജിയോയും ഗൂഗിളും ചേർന്ന് ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിൽ വികസിപ്പിച്ച ജിയോഫോൺ നെക്‌സ്റ്റ് സെപ്റ്റംബർ 10ന് പുറത്തിറക്കും.

ഹരിത ഊർജമേഖലയിലേയ്ക്കുകൂടി റിലയൻസ് ബിസിനസ് വ്യാപിപ്പിക്കുന്നു. ജാംനഗറിൽ 5000 ഏക്കറിൽ ധീരുബായ് അംബാനി ഗ്രീൻ എനർജി കോപ്ലക്‌സ് സ്ഥാപിക്കും. ദേശീയ, അന്തർദേശീയ തലത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കുയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു.

സോളാർ എനർജിമേഖലയിലാകും പദ്ധതികൾ. എനർജി സ്‌റ്റോറേജ് ബാറ്ററി ഫാക്ടറിയും അതോടൊപ്പമുണ്ടാകും. ഗ്രീൻ ഹൈഡ്രജൻ ഉത്പാനവും ലക്ഷ്യമിടുന്നു. മുന്നുവർഷംകൊണ്ട് ഊർജമേഖലയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

  • കഴിഞ്ഞവർഷം 75,000 പേർക്ക് ജോലി നൽകി.
  • രാജ്യത്ത് ഏറ്റവുംവലിയ കയറ്റുമതിക്കാരായി റിലയൻസ്. കസ്റ്റംസ്, എക്‌സൈസ് തീരുവയിനത്തിൽ രാജ്യത്തിന് ഏറ്റവുംകൂടുതൽ തുക നൽകുന്നത് റിലയൻസാണ്.
  • ജിഎസ്ടി, വാറ്റ്, ഇൻകംടാക്‌സ് ഇനിങ്ങളിലായി സ്വകാര്യമേഖലയിൽ ഏറ്റവുംകൂടുതൽ തുക നൽകുന്നതും റിലയൻസാണ്. 
  • ഒരുവർഷത്തിനിടെ 3.24 ലക്ഷംകോടി രൂപയുടെ ഓഹരി മൂലധനം സമാഹരിക്കാൻ കമ്പനിക്കായി. 
  • കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപവീതം നൽകും. തുടർന്ന് അഞ്ചുവർഷം ശമ്പളം നൽകും.
  • ബിരുദംവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കും. കുടുംബാംഗങ്ങൾക്ക് ചികിത്സാസൗകര്യമൊരുക്കും.
  • വിദ്യാഭ്യാസമേഖലയിലേയ്ക്കും ജിയോ ഇൻസ്റ്റിറ്റ്യൂട്ട്. നവിമുംബൈയിലെ കാമ്പസിൽ ഈവർഷംതന്നെ വിവിധ കോഴ്‌സുകൾക്ക് തുടക്കമിടുമെന്ന് ഡയറക്ടർ നിത അംബാനി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാകും ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ തുടങ്ങുക. 
  • വനിതാ ദിനത്തോടനുബന്ധിച്ച് ഹെർ സർക്കിൾ-എന്നപേരിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചു. 
  • കോവിഡിനെ പ്രതിരോധിക്കാനായി റിലയൻസ് അഞ്ചിന പദ്ധതികളാണ് അവതരിപ്പിച്ചത്. മിഷൻ ഓക്‌സിജൻ, മിഷൻ കോവിഡ് ഇൻഫ്ര, മിഷൻ അന്ന സേവ, മിഷൻ എംപ്ലോയീ കെയർ, മിഷൻ വാക്‌സിൻ സുരക്ഷ.