മുംബൈ: ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണൽ അനുമതി നൽകി. യുകെയിൽനിന്നുള്ള കാൾറോക് ക്യാപിറ്റലും യുഎഇയിലെ സംരംഭകരായ മുരാരി ലാൽ ജലാനും മുന്നോട്ടുവെച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. 

1375 കോടി രൂപയാണ് ഇരുകമ്പനികളും മുടക്കുക. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച് ആറുമാസത്തിനുള്ളിൽ പ്രവർത്തനംതുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ 30 വിമാനങ്ങളാകും സർവീസ് നടത്തുക. 

കാൾറോക്ക് ക്യാപിറ്റലും മുറാരി ലാൽ ജലാനും ചേർന്നുള്ള കൂട്ടുകെട്ടിന് 2020 ഒക്ടോബറിലാണ് ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കാൻ എസ്ബിഐയുടെ നേടതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ അനുമതി ലഭിച്ചത്.  ഇരു ഗ്രൂപ്പുകൾക്കും എയർലൈൻ ബിസിനസിൽ പരിചയമില്ലാത്തവരാണ്. 

നരേഷ് ഗോയൽ 1993ൽ സ്ഥാപിച്ച ജെറ്റ് എയർവെയ്‌സ് 2019 ഏപ്രിൽ 17നാണ് പ്രവർത്തനം അവസാനിപ്പിച്ചത്. 124 വിമാനങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായി വളരുകയുംചെയ്തു. പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനത്തിന് വൻതോതിൽ കടബാധ്യയുണ്ടായി.