വാഷിങ്ടൺ: യു.എസ്. ശതകോടീശ്വരന്മാരിൽ പലരും ആദായനികുതി അടയ്ക്കുന്നില്ല. ജെഫ് ബെസോസ്, ഇലോൺ മസ്‌ക്, വാറൻ ബഫെറ്റ് തുടങ്ങി വമ്പന്മാരുടെ പേരുകളാണ് വാർത്താ വെബ്സൈറ്റ് പ്രോപബ്ലിക്ക പുറത്തുവിട്ടത്. 2007-ലും 2011-ലും ആമസോൺ സി.ഇ.ഒ. ജെഫ് ബെസോസും 2018-ൽ ടെസ്‌ല മോട്ടോഴ്‌സ് സി.ഇ.ഒ. ഇലോൺ മസ്കും നികുതിയിനത്തിൽ സർക്കാരിന് ഒന്നും നൽകിയിട്ടില്ല. ശതകോടീശ്വരന്മാരുടെ നികുതികളെക്കുറിച്ചുള്ള ഇന്റേണൽ റവന്യൂ സർവീസ് ഡേറ്റ വിശകലനം ചെയ്യുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും വെബ്സൈറ്റ് പറയുന്നു.

അമേരിക്കയിൽ സമ്പന്നർ അടച്ച നികുതി തുകയെക്കുറിച്ചും വർധിച്ചുവരുന്ന നികുതി അസമത്വത്തെക്കുറിച്ചും വാർത്താ ചാനലായ ബി.ബി.സി. നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പ്രോപബ്ലിക്കയുടെ വെളിപ്പെടുത്തൽ. എന്നാൽ, റിപ്പോർട്ടുകൾ സ്ഥിരീകിക്കാൻ ബി.ബി.സി.ക്ക് ആയിട്ടില്ല. അമേരിക്കയിലെ 25 സമ്പന്നർ രാജ്യത്തെ മുഖ്യധാരാ ഉദ്യോഗസ്ഥരെക്കാളും കുറഞ്ഞ നികുതിയാണ് നൽകുന്നത്. ഇത് അവരുടെ മൊത്ത വരുമാനത്തിന്റെ 15.8 ശതമാനം മാത്രമാണെന്ന് റിപ്പോർട്ട് പറയുന്നു. വ്യവസ്ഥയിലെ പഴുതുപയോഗിച്ചാണ് പലരും നികുതിവെട്ടിപ്പ് നടത്തുന്നത്.

25 ശതകോടീശ്വരന്മാരുടെ സമ്പത്ത് 2014 മുതൽ 2018 വരെ 40,100 കോടി ഡോളർ വർധിച്ചിട്ടുണ്ട്. എന്നാൽ, ഇവർ ആ വർഷങ്ങളിൽ 1360 കോടി ഡോളർ മാത്രമാണ് ആദായനികുതി നൽകിയത്. അമേരിക്കയിലെ സമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുന്നതിനെ പിന്തുണച്ച ശതകോടീശ്വരൻ ജോർജ് സോറോസും കുറഞ്ഞ നികുതി അടച്ചതായി ആരോപിക്കപ്പെടുന്നു.

റിപ്പോർട്ട് ചോർച്ച അന്വേഷിക്കും

രഹസ്യസ്വഭാവമുള്ള സർക്കാർ വിവരങ്ങൾ അനധികൃതമായി വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിന് രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ.യുടെ സഹായം തേടിയതായും അറിയിച്ചു.