മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകനായി ടാറ്റ ഗ്രൂപ്പ് സ്ഥാപകൻ ജംഷെഡ്‌ജി ടാറ്റ. ഈഡെൽഗീവ് - ഹുറൂൺ ഇന്ത്യയുടെ ഈ നൂറ്റാണ്ടിലെ ജീവകാരുണ്യ പ്രവർത്തകരുടെ പ്രഥമ പട്ടികയിലാണ് ജംഷെഡ്ജി ഒന്നാമതെത്തിയത്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ്, വാരൻ ബുഫറ്റ്, ഹെന്റി ഹഗ്സ്, ജോർജ് സോറോസ് എന്നിവരെ പിന്തള്ളിയാണ് ജംഷെഡ്ജി മുന്നിലെത്തിയത്.

കഴിഞ്ഞ നൂറ്റാണ്ടിൽ ജംഷെഡ്ജി ടാറ്റയുടെ പേരിൽ 10,240 കോടി ഡോളറിന്റെ സംഭാവനയാണ് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1892 മുതൽ വിദ്യാഭ്യാസ മേഖലയ്ക്കും ആരോഗ്യമേഖലയ്ക്കുമായി അദ്ദേഹം നൽകിയ സംഭാവനകളുടെ ഇന്നത്തെ മൂല്യമാണിത്. രണ്ടാമതുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സിനിത് 7,460 കോടി ഡോളർ മാത്രമാണ്. ഹെൻറി വെൽകം, ഹോവാർഡ് ഹഗ്‌സ്, വാരൻ ബഫറ്റ് എന്നിവർ തുടർന്നുള്ള മൂന്നു സ്ഥാനങ്ങളിൽ വരുന്നു. ആദ്യ പത്തിൽ ഇന്ത്യയിൽനിന്ന് ജംഷെഡ്ജി ടാറ്റ മാത്രമാണുള്ളത്. വിപ്രോ മുൻ ചെയർമാൻ അസിം പ്രേംജി 12 -ാം സ്ഥാനത്തുണ്ട്. ആദ്യ 50 പേരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് രണ്ടുപേർ മാത്രമാണുള്ളത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നവരിൽ അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നുമാണ് കൂടുതൽ പേരുള്ളതെങ്കിലും ഏറ്റവുംവലിയ സംഭാവന ജംഷെഡ്ജി ടാറ്റയുടേതാണെന്ന് ഹുറൂൺ റിപ്പോർട്ട് ചെയർമാനും ചീഫ് റിസർച്ചറുമായ റൂപെർട്ട് ഹൂഗ്‌വെർഫ് പറഞ്ഞു. ആദ്യ 50 പേരുടെ പട്ടികയിൽ 39 എണ്ണവും അമേരിക്കയിൽനിന്നുള്ളവരാണ്. ബ്രിട്ടൻ - അഞ്ച്, ചൈന - മൂന്ന് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ നൂറ്റാണ്ടിൽ ചെലവിട്ട തുകയുടെ ഇന്നത്തെ പണപ്പെരുപ്പമനുസരിച്ചുള്ള മൂല്യമാണ് കണക്കാക്കിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. നൂറ്റാണ്ടിലെ ജീവക്കാരുണ്യ പ്രവർത്തകരുടെ പട്ടികയിൽ ഒരു ഇന്ത്യക്കാരൻ ഒന്നാമതെത്തിയതിൽ അഭിമാനമുണ്ടെന്ന് ഹുറൂൺ ഇന്ത്യ എം.ഡി. അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു.

Jamsetji Tata tops global list of top 10 philanthropists from last 100 yrs