ബെയ്ജിങ്: ഐ ഫോണ്‍ നിര്‍മാണത്തിന് ചൈനയില്‍ അനധികൃതമായി വിദ്യാര്‍ഥികളെ നിയോഗിക്കുന്നു. ഡിമാന്‍ഡ് കൂടുകയും നിര്‍മാണം വൈകുകയും ചെയ്ത സാഹചര്യത്തിലാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്നത്.
17 മുതല്‍ 19വരെ പ്രായമുള്ള വിദ്യാര്‍ഥികളെയാണ് പ്രായോഗിക പരിശീലനമെന്ന മറവില്‍ ആപ്പിളിന്റെ വിതരണക്കാരായ ഫോക്സോണ്‍ പണിയെടുപ്പിക്കുന്നത്. ഫിനാഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
ബിരുദം ലഭിക്കാന്‍ മൂന്നുമാസത്തെ ഐഫോണ്‍ അസംബ്ലിങില് പ്രായോഗിക പരിശീലനം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയതായി ചൈനയിലെ ജെങ്ജോങിലെ അസംബ്ലിങ് യൂണിറ്റില്‍ പണിയെടുക്കുന്ന വിദ്യാര്‍ഥികള്‍ പറയുന്നു.
പഠനത്തിന്റെ ഭാഗമല്ലെങ്കിലും പ്ലാന്റില്‍ ജോലിചെയ്യാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുകയാണെന്ന് പ്രതിദിനം 1200 ക്യമറകള്‍ ഐഫോണ്‍ Xല്‍ ഘടിപ്പിക്കുന്ന യങ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെങ്ജോങിലെ അര്‍ബന്‍ റെയില്‍ ട്രാന്‍സിസ്റ്റ് സ്കൂളിലെ മൂവായിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ ഫോക്സ്കോണ്‍ പ്ലാന്റില്‍ പണിയെടുക്കുന്നുണ്ട്.
അതേസമയം, പ്രാദേശിക ഭരണകൂടവും സ്കൂളുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളെ താല്‍ക്കാലികമായി നിയമിച്ചതെന്ന് ഫോക്സ്കോണ്‍ പറയുന്നു.