കൊച്ചി: ഓഹരി ഇടപാടുകളും മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും  വാട്‌സ്ആപ്പിലൂടെ സാധ്യമാക്കി രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത്. ജിയോജിത് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത വാട്‌സ്ആപ് ചാനല്‍ ഉപയോഗിച്ച് ഇടപാടുകാര്‍ക്ക് അനായാസമായി ഇനി ഇടപാടുകള്‍ നടത്താം.

വാട്‌സ് ആപ്പ് ചാനലിലൂടെ ട്രേഡിംഗ് സംബന്ധമായി  രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറുകളില്‍ നിന്ന്  ഡീലര്‍മാരുമായി നേരിട്ടു ചാറ്റിംഗ് നടത്താനും ഫണ്ട് കൈമാറ്റത്തിനും, അവയുടെ ട്രാക്കിംഗിനും അവസരം ലഭിക്കുമെന്നതാണ് വാട്‌സ്ആപ്പ് ചാനലിന്റെ സവിശേഷത. ഇതോടൊപ്പം ജിയോജിത് റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെയുളള മറ്റു സേവനങ്ങളും വാട്‌സ് ആപ് ചാനലിലൂടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും.

മികച്ച  ട്രേഡിംഗ്, നിക്ഷേപ അനുഭവമാണ് വാട്‌സ്ആപ്പ് ചാനലിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന്  ഇടപാടുകള്‍ നടത്താന്‍ ജിയോജിതിന്റെ  ഇടപാടുകാര്‍ക്ക് ഇതിലൂടെ കഴിയും.  വാട്‌സ് ആപ് ചാറ്റിംഗിലൂടെയുള്ള ഇടപാടുകളും ആശയ വിനിമയങ്ങളും ഔദ്യോഗികവും, നിയമപരമായി അംഗീകൃതവുമാണ്. ആധികാരികത ഉറപ്പാക്കി ഇടപാടുകാരെ തിരിച്ചറിയുന്നതിന് വാട്‌സ്ആപ് ചാനലിലെ സെല്‍ഫ് സര്‍വീസ്  സൗകര്യത്തിലൂടെ സാധിക്കും.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നും +9199955 00044 എന്ന നമ്പറിലേക്ക് വാട്‌സ് ആപ് മെസേജ് അയച്ചാല്‍ ഇടപാടുകാര്‍ക്ക് ചാനല്‍ ലഭ്യമാവും. വിജയകരമായ വെരിഫിക്കേഷനു ശേഷം അവര്‍ക്ക് ഡീലറുമായി നേരിട്ട് ചാറ്റ് ചെയ്യാനും സെല്‍ഫ് സര്‍വീസിനും സ്റ്റേറ്റ്‌മെന്റുകളും റിപ്പോര്‍ട്ടുകളും കാണാനും കഴിയും. ഇടപാടുകാരും ഡീലര്‍മാരും തമ്മിലുള്ള എല്ലാ വിനിമയങ്ങളും സെര്‍വറുകളില്‍ സൂക്ഷിക്കപ്പെടുന്നതിനാല്‍ വാട്‌സ് ആപിലൂടെ ട്രേഡ് കണ്‍ഫര്‍മേഷനുകള്‍  ശേഖരിക്കാന്‍ ജിയോജിതിനു സാധ്യമാണ്.

ഏറ്റവും നൂതനമായ  ഈ വാട്‌സ്ആപ്  ചാനലിലൂടെ ട്രേഡിംഗ് നടത്തുന്നതിനും പണമിടപാടുകള്‍ പരിശോധിക്കുന്നതിനും മറ്റൊരു ആപ്‌ളിക്കേഷനും ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ലെന്ന് ജിയോജിത് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ജോണ്‍സ് ജോര്‍ജ് പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഇതില്‍  കൂട്ടിച്ചേര്‍ക്കാന്‍ കഴിയും.  

പ്രത്യേകിച്ച് എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന കോവിഡ് വ്യാപനത്തിന്റെ സമയത്ത്  മറ്റു പ്രയാസങ്ങളില്ലാതെ ഇടപാടുകാരും ഡീലര്‍മാരും തമ്മില്‍ നിരന്തരം ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. തീര്‍ത്തും ലളിതമായ ഞങ്ങളുടെ ഈ ട്രേഡിംഗ് സംവിധാനം ഏറ്റവും സുരക്ഷിതവുമാണ്-ജോണ്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

'' നമ്മുടെ വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ വിപ്‌ളവകരമായ മാറ്റം വരുത്തിയിരിക്കുകയാണ് വാട്‌സ് ആപ്. ഫോണുകളിലെ യഥാര്‍ത്ഥ കമ്മ്യൂണിക്കേഷന്‍ ആപ്‌ളിക്കേഷനാണിത്. വ്യാപാരമേഖലയില്‍   ഇടപാടുകാരനുമായി നേരിട്ട് ഇടപഴകുന്ന പ്രതീതി അതുണ്ടാക്കുന്നു.'' ജിയോജിത് ടെകനോളജീസ് വൈസ്പ്രസിഡന്റ് ജയദേവ് എം വസന്തം പറഞ്ഞു.

'ഫണ്ട്‌സ് ജീനി'  മ്യൂച്വല്‍ഫണ്ട് നിക്ഷേപ പ്‌ളാറ്റ്‌ഫോമില്‍ അക്കൗണ്ടുള്ളവര്‍ക്ക്  വാട്‌സ് ആപ് വഴിയുള്ള സെല്‍ഫ് സര്‍വീസ് സംവിധാനത്തിലൂടെ മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കാം. അവരുടെ മ്യൂച്വല്‍ഫണ്ട് നിക്ഷേപം സംബന്ധിച്ച ശുപാര്‍ശകളും   പോര്‍ട്ട്‌ഫോളിയോകളും കാണാനും സാധിക്കും.

ഇതോടൊപ്പം ഇടപാടുകാര്‍ക്ക് അവരുടെ ലെഡ്ജറും ഫണ്ട് കൈമാറ്റം സംബന്ധിച്ച വിവരങ്ങളും കാണുന്നതിനും ജിയോജിതില്‍ നിന്നുള്ള റിസര്‍ച്ച് ഡാറ്റയെക്കുറിച്ചു മനസിലാക്കാനും കഴിയും. ഇതിനു പുറമേ രജിസ്റ്റര്‍ ചെയ്യാത്ത നമ്പറുകള്‍ വാട്‌സ് ആപ് ചാനലില്‍ ചേര്‍ക്കാനും ഇടപാടുകാര്‍ക്ക്  സാധ്യമാണ്.