ഇൻസൈഡർ ട്രേഡിങ് കണ്ടെത്തിയതിനെതുടർന്ന് ഇൻഫോസിസിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥരെ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഓഹരി ഇടപാടിൽനിന്ന് വിലക്കി.

പ്രശാന്ത് ബത്ര, വെങ്കട സുബ്രഹ്മണ്യൻ എന്നിവർക്കാണ് ഓഹരി വാങ്ങുന്നതിനും വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയത്. ലീഗൽ, അക്കൗണ്ട് വിഭാഗങ്ങളിൽ ഉയർന്ന തസ്തികയിൽ ജോലിചെയ്യുന്നവരാണ് ഇരുവരും.

2020 ജൂലായിൽ പ്രവർത്തനഫലം പുറത്തുവിടുംമുമ്പ് കമ്പനിയിലെ വിവരങ്ങൾ അറിഞ്ഞ് മുൻകൂട്ടി വ്യാപാരംനടത്തിയതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെ സെബിയുടെ വിലക്ക് വീണത്. ഇവരുക്കൂടാതെ കമ്പനിക്ക് പുറത്തുള്ള അമിത് ബത്ര, ഭാരത് സി ജെയിൻ, ക്യാപിറ്റൽ വൺ പാർട്‌ണേഴ്‌സ്, ടെസോറ ക്യാപിറ്റൽ, മനീഷ് സി ജെയിൻ,അങ്കുഷ് ബത്ര തുടങ്ങിയവരും ഇൻഫോസിസന്റെ ഓഹരിയിൽ ഇൻസൈഡർ ട്രേഡ് നടത്തിയതായി സെബി കണ്ടെത്തിയിരുന്നു.

എന്താണ് ഇൻസൈഡർ ട്രേഡിങ് ?
മാനേജുമെന്റ് തലത്തിലുള്ളവരോ അവരുമായി അടുപ്പമുള്ളവരോ ലിസ്റ്റഡ് കമ്പനികളുടെ സാമ്പത്തിക വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് ഓഹരി ഇടപാടുകൾ നടത്തി നേട്ടമുണ്ടാക്കുന്നതാണ് ഇൻസൈഡർ ട്രേഡിങ്. ഇത്തരം ഇടപാടുകളിലൂടെ കമ്പനി അധികൃതർ നേട്ടമുണ്ടാക്കുന്നത് നിയമവിരുദ്ധമാണ്.