ഗോള വ്യാപകമായി ഐടി സേവനമേഖലയിൽ ഡിമാൻഡ് കുത്തനെ വർധിച്ചതിനാൽ രാജ്യത്തെ പ്രമുഖ കമ്പനികൾ ഒരുവർഷത്തിനുള്ളിൽ 1,20,000ത്തോളം പേരെ നിയമിക്കാനൊരുങ്ങുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, വിപ്രോ തുടങ്ങിയ കമ്പനികളാണ് ഇത്രയുംപേരെ നിയമിക്കുക.

150 ബില്യൺ ഡോളറിന്റെ ഇടപാടുകളാണ് വരുംമാസങ്ങളിൽ ഐടി കമ്പനികൾക്ക് ലഭിക്കുക. മറ്റ് കമ്പിനകിളിലെല്ലാംകൂടി, പുതിയതായി പഠിച്ചിറങ്ങുന്ന 1.50 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭിക്കുമെന്നാണ് കരുതുന്നത്. മൈൻഡ് ട്രീ പോലുള്ള ഇടത്തരംകമ്പനികൾ കൂടുതൽ ബിരുദധാരികളെ നിയമിക്കാനൊരുങ്ങുകയാണ്. 

വൻകിട കരാറുകൾ ലഭിക്കുന്നതിനാൽ പുതിയ പ്രൊജക്ടുകളിൽ നിയമിക്കാൻ ആളില്ലാത്ത സാഹചര്യമാണുള്ളത്. കോവിഡിനെതുടർന്ന് ആഗോള കോർപറേറ്റുകളിൽ ഭൂരിഭാഗവും ഡിജിറ്റൽ മേഖലയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 

കുറച്ചുവർഷങ്ങളായി ഐടി മേഖലയിൽ പുതുമുഖങ്ങളെ ജോലിക്കെടുക്കുന്നത് കുറഞ്ഞുവരികയായിരന്നു. അടുത്ത 12-18 മാസങ്ങൾ ഈമേഖലയിൽ തൊഴിൽ സാധ്യത വൻതോതിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ. പരിചയ സമ്പന്നർ ജോലിമാറാൻ സന്നദ്ധരാണെങ്കിലും ഇവരെ നിയമിക്കുന്നത് ചെലവേറിയതായതിനാൽ പുതുമുഖങ്ങളെയാണ് കമ്പനികൾക്ക് താൽപര്യം. 

രാജ്യത്തെ ഏറ്റവുംവലിയ ഐടി സേവന ദാതാവയ ടിസിഎസ് ജൂൺ പാദത്തിൽ 20,400 പേരെയാണ് നിയമിച്ചത്. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷത്തിലധികമായി. ഇൻഫോസിസ് 8,200 പേരെയും വിപ്രോ 12,000 പേരെയും എച്ച്‌സിഎൽ 7,500 പേരെയും ഈ കാലയളവിൽ പുതിയതായി നിയമിച്ചു. 

രാജ്യത്തെ മൂന്നിലൊന്ന് ഐടി സേവനങ്ങളും നൽകുന്നത് ടിസിഎസ്, ഇൻഫോസിസ്, എച്ച്‌സിഎൽ എന്നീ കമ്പനികളാണ്.