ഗോള സ്വർണവിപണിയിൽ ഇടപെടാൻ രാജ്യത്തെ നിക്ഷേപകർക്കും അവസരം ലഭിച്ചേക്കും. രാജ്യത്ത് വൈകാതെ സ്‌പോട് ഗോൾഡ് എക്‌സ്‌ചേഞ്ച് സ്ഥാപിക്കാനാണ് മാർക്കറ്റ് റെഗുലേറ്ററായ സെബി തയ്യാറെടുക്കുന്നത്. 

വ്യക്തികൾ ഉൾപ്പടെയുള്ള ചെറുകിട നിക്ഷേപകർ, ബാങ്കുകൾ, വിദേശ നിക്ഷേപകർ, ജുവല്ലറികൾ എന്നിവർക്കെല്ലാം നിർദിഷ്ട സ്‌പോട് ഗോൾഡ് എക്‌സ്‌ചേഞ്ചിൽ വ്യാപാരം നടത്താൻ കഴിയും. ഓഹരി വിപണിയിലേതുപോലെ ട്രേഡ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. 

ട്രേഡ് ചെയ്യേണ്ട യൂണിറ്റുകൾ ഇലക്ട്രോണിക് ഗോൾഡ് രസീത്(ഇജിആർ)എന്നപേരിലാകും അറിയപ്പെടുക. എക്‌സ്‌ചേഞ്ചിന്റെ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവരോട് സെബി നിർദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്. 

ആഗോളതലത്തിൽ സ്വർണ ഉപഭോഗത്തിൽ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളതെങ്കിലും ആഗോള വിലയെ സ്വാധീനിക്കാൻ  ഇതുവരെകഴിഞ്ഞിരുന്നില്ല. വാർഷിക ഡിമാൻഡ് 800-900 ടൺ ആണ്. ഉപഭോഗത്തിന്റെകാര്യത്തിൽ ചൈനയ്ക്കാണ് ഒന്നാംസ്ഥാനം.  

സ്‌പോട് ഗോൾഡ് വ്യാപാരം തുടങ്ങുന്നതോടെ വിനിമയം കാര്യക്ഷമമാകും. സുതാര്യമായ വിലനിർണയം, ഗുണനിലവാരം ഉറപ്പാക്കൽ, സാമ്പത്തിക വിപണിയിലെ സമന്വയം, സ്വർണത്തിന്റെ പുനരുപയോഗം എന്നിവയ്ക്ക് തീരുമാനം ഗുണകരമാകും.