തൃശ്ശൂർ: രാജ്യത്തെ തീവണ്ടിയോട്ടം 2030-ഓടെ കാർബൺ രഹിതമാക്കാനുള്ള ഊർജിത നടപടികളിലേക്ക് റെയിൽവേ. ഡീസൽ എൻജിനുകൾ തീർത്തും ഇല്ലാതാക്കലാണ് ഇതിൽ പ്രധാനം. ദിവസേന രാജ്യത്ത് ഓടുന്ന 13,555 തീവണ്ടികളിൽ 37 ശതമാനം ഇപ്പോൾ ഡീസൽ എൻജിനാണ്. ബാക്കി വൈദ്യുതിയിലാണ്. വർഷംതോറും ശരാശരി 500 ഡീസൽ എൻജിനുകളാണിപ്പോൾ ഒഴിവാക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെ രാജ്യത്ത് 570 ഡീസൽ എൻജിനുകൾ മാറ്റി പകരം വൈദ്യുതി എൻജിനുകളാക്കിയിട്ടുണ്ട്. വരുന്ന മാർച്ചോടെ 981-ലേക്ക് എത്തിക്കാനാണ് ലക്ഷ്യം.

രാജ്യത്തെ കാർബൺ പുറംതള്ളലിൽ 12 ശതമാനം ഗതാഗത സംവിധാനങ്ങളിലൂടെയാണ്. ഇതിൽ നാലു ശതമാനം റെയിൽവേയിലൂടെയും.

രാജ്യത്തെ എല്ലാ റൂട്ടുകളും 2024-ൽ വൈദ്യുതീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതോടെ 100 ശതമാനം റൂട്ടുകളും വൈദ്യുതീകരിക്കുന്ന ലോകത്തെ ഏറ്റവും വലിയ റെയിൽ ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറും.

രാജ്യത്തെ 45,881 കിലോമീറ്റർ റൂട്ടാണ് ഇതുവരെ വൈദ്യുതീകരിച്ചിരിക്കുന്നത്. മൊത്തം റൂട്ടിന്റെ 71 ശതമാനം വരും ഇത്. ഡെൽഹിയും പശ്ചിമ ബംഗാളുമാണ് 100 ശതമാനം റൂട്ടുകളും വൈദ്യുതീകരിച്ച സംസ്ഥാനങ്ങൾ.

കേരളത്തിലെ 81.82 ശതമാനം റൂട്ടുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. പാലക്കാട്-പൊള്ളാച്ചി, ഷൊർണൂർ-നിലമ്പൂർ, കൊല്ലം-ചെങ്കോട്ട റൂട്ടുകളിലാണ് ബാക്കിയുള്ളത്. കൊല്ലം- ചെങ്കോട്ട റൂട്ടിൽ പണികൾ തുടങ്ങിയിട്ടുണ്ട്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് വൈദ്യുതീകരണക്കാര്യത്തിൽ ഏറ്റവും പിന്നിൽ.

കേരളത്തിൽ ഇലക്ട്രിക് എൻജിനുകളുടെ അറ്റകുറ്റപ്പണികൾക്കായി എറണാകുളത്ത് ഒരു ലോക്കോഷെഡ് ഉടൻ സ്ഥാപിക്കുന്നുണ്ട്.

റെയിൽവേയിൽ ഉപയോഗിക്കുന്ന വൈദ്യുതിയും പരിസ്ഥിതി സൗഹൃദമാക്കാനുള്ള പദ്ധതിയാണ് 2030-ഓടെ കാർബൺ രഹിതമാക്കാനുള്ള നടപടികളിലെ മറ്റൊന്ന്.

20 ഗിഗാ ഹേർട്‌സിന്റെ സോളാർ വൈദ്യുതി റെയിൽവേക്ക്‌ പദ്ധതിയുണ്ട്.

1.7 മെഗാ ഹേർട്‌സിന്റെ സോളാർ പ്ലാന്റ് മധ്യപ്രദേശിലെ ബിനയിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഹരിയാനയിലെ ദീവാനയിലും ഛത്തീസഗഢിലെ ഭിലായിയലും സോളാർ പ്ലാന്റുകൾ നിർമാണഘട്ടത്തിലാണ്.

എല്ലാ സംസ്ഥാനങ്ങളിലും റെയിൽവേയുടെ സബ്‌സ്റ്റേഷനുകളോടു ചേർന്ന് സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുമുണ്ട്.