സ്വകാര്യമേഖലയിലെ വിദേശ നിക്ഷേപത്തിന്റെകാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധിനേരിട്ട സമയത്താണ് സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപമിറക്കിയത്.

1.09 ലക്ഷം കോടി രൂപ(14.8 ബില്യണ്‍ ഡോളര്‍)യാണ് 2020ല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ കമ്പനികളില്‍ നിക്ഷേപിച്ചത്. ഈകാലയളവില്‍ ചൈനയിലെത്തിയ നിക്ഷേപത്തിന്റെ മൂന്നിരട്ടിയോളംവരുമിത്. ചൈനയില്‍ 4.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് 2020ലെത്തിയത്. 

2019ലാണ് രാജ്യത്തേയ്ക്ക് വിദേശനിക്ഷേപം ഒഴുകാന്‍ തുടങ്ങിയത്. 10.1 ബില്യണ്‍ ഡോളറാണ് 2019ല്‍ ഈ സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തിയത്. 2015-18 കാലയളവില്‍ വിദേശ നിക്ഷേപമെത്തിയതിന്റെ കണക്കെടുത്താല്‍ ചൈന ഏറെ മുന്നിലാണെന്നുകാണാം. ഈകാലയളവില്‍ 46 ബില്യണ്‍ ഡോളറാണ് ചൈനയിലെത്തിയത്. ഇതേകാലയളവില്‍ ഇന്ത്യയിലെത്തിയ നിക്ഷേപം 24.6 ബില്യണ്‍ ഡോളറായിരുന്നു. 

2020ല്‍ ഇതുവരെ പശ്ചിമേഷ്യന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളായ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, പബ്ലിക് ഇന്‍വെസ്റ്റുമെന്റ് ഫണ്ട്, മുബാദല ഇന്‍വെസ്റ്റുമെന്റ് കമ്പനി, കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ്, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവമാത്രം 7.83 ബില്യണ്‍ ഡോളറാണ് രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ നിക്ഷേപിച്ചത്. 

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എസ്ഡബ്ലിയുഎഫാണ് 400 ലേറെ വിദേശ സ്ഥാപനങ്ങളുടെ ഡാറ്റ വിശകലനംചെയ്ത് ഈവിവരം പുറത്തുവിട്ടത്.