ന്യൂ‍ഡൽഹി: പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതികപ്പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020-21 സാമ്പത്തികവർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചുകഴിഞ്ഞതായും വ്യക്തമാക്കി. അതിനിടെ റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി സെപ്റ്റംബർ 30ൽനിന്ന് ഡിസംബർ 31ലേക്ക് നീട്ടി. 

സെപ്റ്റംബർ ഏഴുവരെയുള്ള കണക്കു പ്രകാരം 8.83 കോടി നികുതിദായകർ പോർട്ടൽ സന്ദർശിച്ചുകഴിഞ്ഞു. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദർശകരുണ്ട്. പ്രതിദിന റിട്ടേൺ സമർപ്പണം 3.2 ലക്ഷമായി ഉയർന്നിട്ടുണ്ട്. ജൂൺ ഏഴിനാണ് പുതിയ www.incometax.gov.in പോർട്ടൽ അവതരിപ്പിച്ചത്.

തകരാറുകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഫോസിസുമായി കേന്ദ്രധനമന്ത്രാലയം എല്ലാ ദിവസവും സമ്പർക്കം പുലർത്തുന്നുണ്ട്. പോർട്ടൽ രൂപകൽപ്പന ചെയ്ത ഇൻഫോസിസിൽ എഴുനൂറിലേറെ പേർ ഈ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. 164 കോടി രൂപ ചെലവിട്ട് തയ്യാറാക്കിയ പുതിയ പോർട്ടലിന്റെ പ്രവർത്തനം തുടക്കത്തിൽ ആകെ താറുമാറായതിനെത്തുടർന്ന് ഇൻഫോസിസിനെതിരേ രൂക്ഷവിമർശനമുയർന്നിരുന്നു. സി.ഇ.ഒ. സലിൽ പരേഖിനെ ഡൽഹിയിൽ വിളിച്ചുവരുത്തിയ ധനമന്ത്രി നിർമലാ സീതാരാമൻ കടുത്ത അതൃപ്തിയും ആശങ്കയുമറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 15-നകം പിഴവുകൾ പരിഹരിക്കണമെന്ന അന്ത്യശാസനവും നൽകി.

കോവിഡ് സാഹചര്യം മുൻനിർത്തി ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം ജൂലായ് 31-ൽനിന്ന് സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. പോർട്ടലിലെ തകരാറിനെത്തുടർന്ന് ഭൂരിഭാഗത്തിനും റിട്ടേൺ സമർപ്പിക്കാനാവാത്ത സാഹചര്യത്തിൽ തീയതി നീട്ടാൻ സാധ്യതയുണ്ടെന്ന് ധനമന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.

ഇത് ധർമയുദ്ധമെന്ന് ആർ.എസ്.എസ്.
ആദായനികുതി പോർട്ടലിലെ തകരാറിന്‍റെ പേരിൽ ഇൻഫോസിസ് കമ്പനി ദേശദ്രോഹം നടത്തുകയാണെന്ന നിശിതവിമർശനവുമായി മുഖലേഖനം പ്രസിദ്ധീകരിച്ച ആർ.എസ്.എസ്‌. അനുകൂലവാരിക ‘പാഞ്ചജന്യ’യെ ന്യായീകരിച്ച് സംഘടനാ ജോയന്റ് സെക്രട്ടറി മൻമോഹൻ വൈദ്യ.

പാഞ്ചജന്യ നയിക്കുന്നത് ധർമയുദ്ധമാണെന്ന് വൈദ്യ പറഞ്ഞു. ഇത്തരമൊരു യുദ്ധത്തിൽ രണ്ടു പക്ഷമുണ്ടാവാം. നല്ല ആളുകൾ തെറ്റായ പക്ഷത്തു നിൽക്കുന്നുണ്ടാവാം. അവരെ ലക്ഷ്യമാക്കിയും നിങ്ങൾക്ക് അമ്പ് തൊടുക്കേണ്ടി വരാം. ഈ യുദ്ധം ദീർഘകാലം തുടരും, ദേശീയകാഴ്ചപ്പാടിന് വലിയ പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും -വൈദ്യ പറഞ്ഞു.